എറണാകുളം:  കേരള മീഡിയ അക്കാദമിയില്‍ ജീവനക്കാരനായിരുന്ന ടി.ആര്‍. ഉണ്ണികൃഷ്ണന്‍റെ രചനകളുള്‍പ്പെടുത്തിയ ഉണ്ണി എന്ന പുസ്തകത്തിന്‍റെ പ്രകാശനം കേരള മീഡിയ അക്കാദമിയുടെ മുന്‍ ചെയര്‍മാനും മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് നിർവഹിച്ചു. കേരള മീഡിയ അക്കാദമി യിൽ നടന്ന ചടങ്ങിൽ കവിയും ഉണ്ണിയുടെ സുഹൃത്തുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പുസ്തകം ഏറ്റുവാങ്ങി.

തന്‍റെ പ്രതിഭ മറ്റാരുമറിയേണ്ടതില്ലെന്ന നിര്‍ബന്ധബുദ്ധിയോടെ നിശബ്ദനായി ജീവിച്ച് അകാലത്തില്‍ യാത്രപറയാതെ പിരിഞ്ഞുപോയ ടി.ആര്‍.ഉണ്ണികൃഷ്ണന്‍റെ അപ്രകാശിതമായ കഥകളും കവിതകളും എഴുത്തുകാരന്‍റെ മരണശേഷം പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് പുസ്തകമാക്കിയത് ഉണ്ണിയുടെ സഹപാഠികളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ കുറച്ചുപേരുടെ ശ്രമഫലമായാണ്.

കേരള മീഡിയ അക്കാദമിയിലെ ജീവനക്കാരനായിരുന്ന ഉണ്ണിയുടെ എഴുത്തിലെ കൈത്തഴക്കം സൂചിപ്പിക്കുന്നത് അദ്ദേഹം ധാരാളം കവിതകളും കഥകളും എഴുതിയിരിക്കാമെന്നുതന്നെയാണ്. എഴുതുന്നതൊന്നും മറ്റാരും കാണരുതെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍ അവയൊന്നും സൂക്ഷിച്ചുവയ്ക്കാനും ശ്രമിച്ചില്ലെന്നും പ്രകാശനം നിർവഹിച്ചു കൊണ്ട് തോമസ് ജേക്കബ് പറഞ്ഞു.

കവിതയുടെ സൂക്ഷ്മാംശങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കി വായിച്ചിരുന്ന ആളായിരുന്നു തന്‍റെ ആത്മസുഹൃത്തായിരുന്ന ഉണ്ണിയെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ആശയങ്ങള്‍ പരസ്പരം പങ്കിട്ടിരുന്നെങ്കിലും അസ്തിത്വവാദത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. താനാകട്ടെ തീവ്രവാദത്തിലാണ് വിശ്വസിച്ചിരുന്നത്. ലളിതമെന്നു തോന്നുമെങ്കിലും സങ്കീര്‍ണമായ ബിംബാവലിയിലൂടെ എഴുതപ്പെട്ടവയാണ് ഉണ്ണിയുടെ കവിതകളെന്ന് ചുള്ളിക്കാട് പറഞ്ഞു. കവിയെ അതിപ്രശസ്തരാക്കുന്നത് ശത്രുക്കളും അപവാദപ്രചാരകരും ഒക്കെയാണ്. എന്നാല്‍ ഉണ്ണിക്ക് ശത്രുക്കളുണ്ടായിരുന്നില്ല. സാഹിത്യലോകത്തിന്‍റെ മാലിന്യങ്ങള്‍ തീണ്ടാതെ, ജീവിതമുദ്ര വാക്കുകളില്‍ അവശേഷിപ്പിച്ചുകൊണ്ടുകടന്നുപോയ ഉണ്ണിയെക്കുറിച്ചുള്ള സ്മരണകള്‍ സംശുദ്ധ മനുഷ്യത്വത്തിന്‍റെ ഓര്‍മ്മകളാണെന്ന് ചുള്ളിക്കാട് പറഞ്ഞു.

സമ്പൂർണ മനുഷ്യന്റെ സമസ്ത വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ഉണ്ണിയുടെ രചനകൾ ആത്മസുഹൃത്തായ പ്രശസ്ത കവി അത്മരാമന്റെ  പക്കലുണ്ടായിരുന്നവയാണ്  പുസ്തകമാക്കിയതെന്ന് പുസ്തകം പരിചയപ്പെടുത്തിയ അക്കാദമി മുൻ സെക്രട്ടറി വി കെ ജയകുമാർ പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഉണ്ണിയുടെ സഹപ്രവര്‍ത്തകനായിരുന്ന പി.ആര്‍.ഡി മുൻ ഡയറക്ടര്‍ കെ.സി. വേണു, സാംസ്കാരിക വകുപ്പ് മുൻ ഡയറക്ടര്‍ പി.എം. സേനന്‍, കെ.എന്‍. ഷാജി, അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, ജീവനക്കാരന്‍ ഷൈനസ് മാര്‍ക്കോസ്, പുസ്തകത്തിന്‍റെ കവര്‍ ഡിസൈന്‍ നിര്‍വ്വഹിച്ച മകള്‍ ടി.യു കൃപഎന്നിവര്‍ സംസാരിച്ചു. മീഡിയ അക്കാദമി വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.