ആലപ്പുഴ: ഈ നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി പോളിങ്ങിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ സാധിക്കും. എം 3 മെഷീനിൽ ഒരേ സമയം നോട്ട ഉൾപ്പടെ 384 സ്ഥാനാർഥികളുടെ പേരുകൾ ചേർക്കാൻ സാധിക്കും. എം 2വിൽ 64 സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്താൻ സാധിച്ചിരുന്നത്.

യന്ത്ര തകരാറുകൾ സ്വയം കണ്ടെത്താൻ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ മറ്റൊരു പ്രത്യേകത.ഇതുവഴി തകരാറിലായ ഇ. വി. എം മെഷീനുകൾ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ബാറ്ററി നില മിഷനിൽ ഡിസ്പ്ലേ ചെയ്യുന്നത് വഴി പ്രിസൈഡിംഗ് ഓഫീസർക്ക്‌ ചാർജിങ്ങ് നില അറിയാനും പെട്ടെന്നുതന്നെ തകരാറുകൾ പരിഹരിക്കാനും സാധിക്കും.

എം 3 മെഷീനുകളിൽ ബാറ്ററിയുടെ ഭാഗവും ക്യാൻഡിഡേറ്റ് സെറ്റ് കമ്പാർട്ട്മെന്റും പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ബാറ്ററികൾ തകരാറിലാകുന്ന സാഹചര്യത്തിൽ മെഷീൻ പൂർണമായി ഒഴിവാക്കാതെ ബാറ്ററി ഭാഗം തുറന്ന് ബാറ്ററി മാറ്റാൻ സാധിക്കും.
ഇതുവഴി ബൂത്തുകളിൽ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാൻ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകൾ. ജില്ലയിൽ 3500 കണ്ട്രോൾ യൂണിറ്റുകളാണ് നിയമസഭ ഇലക്ഷനായി തയ്യാറായിരിക്കുന്നത്. കേരളത്തില്‍ ഇത് ആദ്യമായാണ് എം.3 മെഷീനുകള്‍ ഉപയോഗിക്കുന്നത്.