കൊല്ലം: വോട്ടിട്ട് ജനാധിപത്യം സാര്‍ത്ഥകമാക്കണമെന്ന് യുവജനതയോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. യുവത്വത്തിന്റെ അവകാശബോധം വോട്ടുപെട്ടിയില്‍ നിറയ്ക്കാന്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ബോധവത്കരണ പരിപാടി ശ്രീനാരായണ വനിതാ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മതിദാന അവകാശം വിനിയോഗിച്ച് പുതുതലമുറ മാതൃകയാകണം. ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്താന്‍ മുന്‍കൈയെടുക്കണം.

18 നും 19 നും ഇടയില്‍ പ്രായമുള്ളവരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ ഏറ്റവും പിന്നില്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള ഓരോ പൗരന്റെയും അവകാശമാണ് ഈ വിമുഖത വഴി നഷ്ടമാകുന്നത്. ഓരോ വിദ്യാര്‍ത്ഥികളും അവരവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. മാര്‍ച്ച് ഒന്‍പത് വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. സമ്മതിദാന അവകാശം വിദ്യാര്‍ത്ഥികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതെന്നും കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

‘എന്റെ വോട്ട് എന്റെ അവകാശം’ എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ ബോധവത്കരണ പരിപാടി നടത്തും എന്നും അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ നിഷാ ജെ. തറയില്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ പ്രദീപ്, സ്വീപ് നോഡല്‍ ഓഫീസര്‍മാരായ ജെ. ജോണ്‍ മാത്യു, ടി. ജിഹാദ്, എന്‍. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.