പാലക്കാട്: ഏപ്രിലില് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്ഥാനാര്ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനും മാതൃക പെരുമാറ്റച്ചട്ട പാലനം ഉറപ്പു വരുത്തുന്നതിനും പൊതുജന പരാതി പരിഹാരത്തിനുമായി ഓരോ മണ്ഡലത്തിലും മൂന്നു വീതം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്വെയലന്സ് ടീം, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് എന്നിവരെ നിയോഗിച്ചതായി ജില്ലാ കലക്ടര് അറിയിച്ചു. പ്രചരണ റാലികള്, യോഗങ്ങള്, പ്രചരണത്തിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പ്രവര്ത്തനം, വാഹന പ്രചരണം എന്നിവ നിരീക്ഷിക്കുന്നതിനായി പ്രത്യേക വീഡിയോ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

അതിര്ത്തി ചെക്‌പോസ്റ്റുകളില് പരിശോധനയ്ക്കായി ഒമ്പത് സ്‌ക്വാഡിനെയും ജില്ലാതല ആന്റിഡിഫേസ്‌മെന്റ് സ്‌ക്വാഡിനെയും വിന്യസിച്ചു. പൊതുജനങ്ങളുള്പ്പെടെ അമ്പതിനായിരം രൂപയില് കൂടുതല് പണമോ മറ്റ് വില പിടിപ്പുള്ള സാമഗ്രികളോ കൊണ്ടു നടക്കുന്നവര് മതിയായ രേഖകള് കൂടെ കരുതണം.

പ്രചരണത്തിനായി സാധനങ്ങള് പ്രിന്റ് ചെയ്യുന്നതിന് ഏല്പ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന് ഫോം സ്ഥാപനങ്ങള് വാങ്ങി സൂക്ഷിക്കേണ്ടതാണ്. ഇതിന്റെ പകര്പ്പ് ജില്ലാ കലക്ടറുടെ കാര്യാലയത്തില് ലഭ്യമാക്കണം. തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളില് പ്രിന്റര്, പബ്ലിഷര് എന്നിവരുടെ പേരും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം.

അച്ചടി മാധ്യമം, ഇലക്ട്രോണിക് മാധ്യമം, സോഷ്യല് മീഡിയ തുടങ്ങിയവയുടെ പ്രചരണം നിരീക്ഷിക്കുന്നതിനായി ജില്ലാതലത്തില് മീഡിയ മോണിറ്ററിംഗ് റൂം സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് അറിയിച്ചു.