ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് സഹായഹസ്തമായി കളക്ടർ നവ്ജ്യോത് ഖോസ
ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിന് സഹായം നൽകിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ.
അന്യസംസ്ഥാനത്തുനിന്നാണു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ ആയതോടെ നിയമ തടസങ്ങൾ ഏറെയായിരുന്നു. അവിടെ എത്തിപ്പെടാൻ സാധിച്ചില്ലെങ്കിൽ വർഷങ്ങളുടെ കാത്തിരിപ്പ് വെറുതേയാകുമായിരുന്നു. ഈ അവസരത്തിലാണ് അവർ കളക്ടറെ നേരിട്ടുകണ്ടു സഹായം അഭ്യർത്ഥിച്ചത്. അവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ കളക്ടർ അവിടത്തെ ജില്ലാ കളക്ടറുമായി നേരിട്ട് ബന്ധപ്പെടുകയും ഇവർക്ക് സഞ്ചരിക്കേണ്ട യാത്രാ പാസുകളും മറ്റും ലഭിക്കേണ്ടതിനുള്ള ക്രമീകരണങ്ങളൾ വേഗത്തിലാക്കുകയും ചെയ്തിരുന്നു. അവിടെയെത്തി മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കുഞ്ഞുമായി തിരിച്ചെത്തുന്നതുവരെ കളക്ടർ കൃത്യമായി കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നു. തന്റെ ഔദ്യോഗിക ചുമതലകളുടെ  ഭാഗമായി ചെയ്യേണ്ട കാര്യം മാത്രമായിരുന്നു അതെന്നും  ഈ ഒരു ചെറിയ സേവനം ആ ദമ്പതികളുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷമുണ്ടാക്കുമെന്നു താൻ കരുതിയിരുന്നില്ല എന്നും കളക്ടർ പറഞ്ഞു.
ദത്തെടുക്കാൻ പോകുമ്പോൾ കുട്ടിയുടെ പേരു തീരുമാനിച്ചിരുന്നെങ്കിലും ഓരോ സംസ്ഥാനത്തിന്റെ അതിർത്തി കടക്കുമ്പോഴും അവിടത്തെ അധികൃതരോട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരു പറഞ്ഞ്   ലക്ഷ്യത്തിലെത്തിയത്  ദമ്പതികളിൽ ആ പേരിനോടുള്ള ഇഷ്ടം വർധിപ്പിച്ചുവെന്നും അതിനാൽ തങ്ങൾക്ക് ഈ കുട്ടിയെ സ്വന്തമാക്കാൻ  സഹായിച്ച കളക്ടറുടെ പേരുതന്നെ കുഞ്ഞിനു നൽകാൻ തീരുമാനിച്ചതായും ദമ്പതികൾ പറഞ്ഞു.