പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പാലിക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും എ.ഡി.എമ്മുമായ എൻ.എം മെഹറലി അറിയിച്ചു.
നിർദ്ദേശങ്ങൾ
1. മന്ത്രിമാരുടെ ഔദ്യോഗിക യാത്രകളിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനോ, തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാനോ പാടില്ല.
2. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സർക്കാർ ജീവനക്കാർ കേന്ദ്ര- സംസ്ഥാന മന്ത്രിമാരെ സ്വീകരിക്കാനോ യാത്രയയപ്പ് നൽകാനോ പാടില്ല.
3. മന്ത്രിമാർ വിളിച്ച് ചേർക്കുന്ന യോഗത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കാൻ പാടില്ല.
4. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാർ, എം.എൽ.എമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സർക്കാർ അതിഥി മന്ദിരങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിക്കാൻ പാടില്ല.
5. സർക്കാർ ഓഫീസ് കെട്ടിടങ്ങളിൽ വിവിധ വകുപ്പുകളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പോസ്റ്ററുകൾ പതിക്കരുത്.
6. വിവിധ വകുപ്പുകളുടെ ഔദ്യോഗിക വെബ് സൈറ്റുകളിൽ കേന്ദ്ര/ സംസ്ഥാന മന്ത്രിമാരുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ പാടില്ല.
7. എം.പി/ എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയിട്ടുള്ള വാഹനങ്ങൾ, നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്കൂൾ – കോളെജ് കെട്ടിടങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയിൽ അവരുടെ പേരും സ്ഥാനവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ താത്ക്കാലികമായി മറച്ചു വെക്കേണ്ടതാണ്.
8. കേന്ദ്ര/ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സമിതി അധ്യക്ഷന്മാർ പ്രസ്തുത സ്ഥാപനങ്ങളിലെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
9. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, പാലങ്ങൾ, റെയിൽവേ ഫ്ലൈ ഓവറുകൾ, ദേശീയ -സംസ്ഥാന പാതകൾ, പഞ്ചായത്ത് റോഡുകൾ, സർക്കാർ കെട്ടിടങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, ടെലിഫോൺ പോസ്റ്റുകൾ, മുനിസിപ്പൽ/ പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾ എന്നിവയുടെ ചുറ്റുമതിലുകളിൽ എഴുത്തുകൾ,പോസ്റ്ററുകൾ പതിക്കാനോ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ കെട്ടാനോ പാടില്ല.
10. കെ.എസ്.ആർ.ടി.സി ബസ്സുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള മറ്റ് വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പതിക്കാൻ പാടില്ല.
11. പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കാനോ കട്ടൗട്ടുകൾ, ഫ്ലക്സുകൾ, കൊടിതോരണങ്ങൾ സ്ഥാപിക്കാനോ പാടില്ല. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ചുറ്റുമതിലുകളിലും തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കണം.
12. സ്വകാര്യ വാഹനങ്ങളിൽ മോട്ടോർ വാഹന നിയമം അനുശാസിക്കുന്നതും നിലവിലുള്ള കോടതി ഉത്തരവുകൾക്ക് അനുസൃതമായി കൊടികൾ, സ്റ്റിക്കറുകൾ മറ്റ് യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കാത്ത രീതിയിൽ ഉപയോഗിക്കാം.
13.വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ (ബസ്സ്, ട്രക്ക്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ) രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, ചിഹ്നങ്ങളോട് കൂടിയ സ്റ്റിക്കറുകൾ എന്നിവ പതിക്കാൻ പാടില്ല.
14. കേന്ദ്ര, സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ രാഷ്ട്രീയ പാർട്ടികളോട് അനുഭാവം പുലർത്തുന്ന ചിത്രങ്ങൾ, വീഡിയോ എന്നിവ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ പാടില്ല.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാത്തവർക്കെതിരെ 1951 -ലെ ജനപ്രാതിനിധ്യം നിയമം, 1860-ലെ ഇന്ത്യൻ ശിക്ഷാ നിയമം, 1973 – ലെ ക്രിമിനൽ നടപടിക്രമം പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും. പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതും സ്ഥാപിക്കുന്നതുമായ ബോർഡുകൾ, ഫ്ലക്സുകൾ, കൊടിതോരണങ്ങൾ എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ നിയോഗിച്ചിട്ടുള്ള സ്ക്വാഡുകൾ നീക്കം ചെയ്യുകയും ഇതിന് ചെലവാകുന്ന തുക പ്രചാരണ വസ്തുവിന്റെ വില ഉൾപ്പെടെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ അറിയിച്ചു.