കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്ററെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേട്ടങ്ങളും വികസന ക്ഷേമപ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്ന എക്സൈസ്, തൊഴില്‍, ഫിഷറീസ്, സാമൂഹ്യനീതി, പോലീസ്, ട്രാഫിക്, ഫയര്‍ ആന്റ് റസ്‌ക്യു, ഐടി, ആരോഗ്യം, കുടുംബശ്രീ, ബാംബൂ മിഷന്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സപ്ലൈ ഓഫീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഹാന്‍ടെക്സ്, ന്യൂനപക്ഷ ക്ഷേമം, ചരക്ക് സേവന നികുതി, വനിത വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
മേളയിലെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കേരളീയ തറവാട് മാതൃകയില്‍ തയാറാക്കിയ സ്റ്റാളില്‍ തിരി തെളിച്ച ശേഷം പ്രദര്‍ശനത്തിലെ മുഴുവന്‍ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍കരണ ശില്‍പം കൗതുകത്തോടെ വീക്ഷിക്കുകയും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പിന്തുണ പദ്ധതിയായ റോഷ്‌നിയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ കാണാനും അദ്ദേഹം സമയം കണ്ടെത്തി. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രശ്‌നോത്തരി മത്സരത്തിന്റെ ഭാഗമായുള്ള കളികളിലും അദ്ദേഹം പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് കാര്‍ഡിന്റെ വിതരണോദ്ഘാടനം തമിഴ്‌നാട് സ്വദേശിയായ കറുപ്പസ്വാമിക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളിലെത്തിക്കുന്നതിന് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ജനകീയം 2018 പ്രദര്‍ശന വിപണന മേള പൊതുജന പങ്കാളിത്തം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ജനകീയമായി.  ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു നടന്ന കുടുംബശ്രീ വനിതകളുടെയും ട്രൈബല്‍ കലാകാരന്‍മാരുടെയും മത്സര ശിങ്കാരിമേളം നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.
കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് മേളയില്‍ പത്തു ശതമാനം വിലക്കുറവുണ്ട്. ആയുര്‍വേദക്കൂട്ടുകള്‍ ചേര്‍ത്ത്് ഉണ്ടാക്കിയ സോപ്പ്, ഷാംപ്പൂ, മായം കലരാത്ത മുളകുപൊടി, മഞ്ഞള്‍പ്പൊടി, തുടങ്ങിയ കറിപ്പൊടികള്‍, വൈവിധ്യമാര്‍ന്ന അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, വിവിധതരം ഫോര്‍മാറ്റുകള്‍, തുണിത്തരങ്ങള്‍ എന്നീ ഉല്‍പന്നങ്ങളാണ് വിലക്കുറവില്‍ ലഭ്യമാകുന്നത്. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്്പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും മേളയില്‍ ലഭിക്കും. കുടുംബശ്രീ, തീരമൈത്രി, ജില്ല ജയില്‍ എന്നിവയുടെ ഫുഡ് കോര്‍ട്ടിലെ വിവിധ രുചികള്‍ പരീക്ഷിക്കാനും രാവിലെ മുതല്‍ നിരവധി പേരെത്തി. വിവിധയിനം നാടന്‍ പലഹാരങ്ങളും ഊണും ബിരിയാണിയും കടല്‍ വിഭവങ്ങളും കപ്പയും ചക്ക വിഭവങ്ങളും പായസവും വിവിധയിനം സംഭാരങ്ങളും ജ്യൂസുകളും മറ്റു പാനീയങ്ങളും ചപ്പാത്തിയും ജയില്‍ വിഭവങ്ങള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ആദ്യംദിനം തന്നെ ലഭിച്ചത്. ജയില്‍ ചപ്പാത്തിക്കും ബിരിയാണിക്കും ആവശ്യക്കാരേറെയായിരുന്നു.
പോലീസ് വകുപ്പിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ്, സ്റ്റുഡന്റ് പോലീസ്, കൊച്ചി സിറ്റി പോലീസ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം, പോലീസ്, വനിതാ സ്വയം പ്രതിരോധ പരിശീലന ടീം എന്നിവ  ഏകോപിപ്പിച്ചു കൊണ്ടുള്ള പോലീസ് സേനയുടെ പ്രദര്‍ശനത്തിലെ ആയുധ ശേഖരവും പോലീസിന്റെ പ്രവര്‍ത്തന ശൈലി വിശദമാക്കുന്ന നിശ്ചല ദൃശ്യവും മേളയില്‍ വേറിട്ട കാഴ്ചയായി.
മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ എല്‍.ഇ.ഡി. ബള്‍ബും ട്യൂബ്  ലൈറ്റും സ്വന്തമാക്കാനും മേളയില്‍ അവസരമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ മുളന്തുരുത്തി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് സംരംഭത്തിനു പിന്നിലുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് സ്വയം സംയോജിപ്പിച്ചെടുക്കാനും സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളില്‍ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകുന്നതിനുള്ള അവസരമുണ്ട്. പൂര്‍ണ്ണമായും ഹരിത നടപടിക്രമം പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുന്നത്.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും നടന്നു. കലാസാംസ്‌കാരിക പരിപാടികള്‍ക്കും മേളയില്‍ തുടക്കമായി. ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ആദരമര്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ അണിനിരക്കുന്ന അര്‍ജുന സംഗീതം പരിപാടിയും അരങ്ങറി. ഭൂമിക അവതരിപ്പിച്ച ഭരതനാട്യവും സൂഫി ഖവാലി ഗസല്‍ കച്ചേരിയും മേളയ്ക്ക് കൊഴുപ്പേകി.