പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം ശക്തമാക്കാന്‍ പത്തനംതിട്ട ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി(എംസിഎംസി) മീഡിയ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കമ്മിറ്റി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി മീഡിയ റൂം ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, നിരീക്ഷണം, പെയ്ഡ് ന്യൂസ് മോണിറ്ററിംഗ്, അച്ചടി മാധ്യമങ്ങള്‍, ഇലക്ട്രോണിക്ക് മാധ്യമങ്ങള്‍, കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, സാമൂഹിക മാധ്യമങ്ങള്‍, മൊബൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു സംബന്ധമായ പരാതികളുടെ പരിശോധനയ്ക്കായാണ് എംസിഎംസി മീഡിയ റൂം രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ട് കമ്മിറ്റി അക്കൗണ്ടിംഗ് ടീമിന് സമര്‍പ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി. മുഴുവന്‍ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാകുന്നതുവരെ സമിതി പ്രവര്‍ത്തിക്കും.
എഡിഎം ഇ. മുഹമ്മദ് സഫീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.