എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡല പരിധികളിലായി 7628 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും വരണാധികാരികളുടെ നേതൃത്വത്തില്‍ വിവിധ സ്ക്വാഡുകള്‍ പരിശോധന ശക്തമാക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയുമുള്ള അനധികൃത പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാതല മീഡിയ മോണിറ്ററിംഗ് സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് നേരിട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനുള്ള സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 686 പരാതികളാണ്. 100 മണിക്കൂറിനുളളില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ ഇതുവരെ സി വിജില്‍ ആപ്പിലൂടെ ലഭിച്ച 595 പരാതികളില്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ ഉച്ചഭാഷിണികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വിവിധ അനുമതികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സുവിധ പോര്‍ട്ടലിലൂടെയോ സുവിധ മൊബൈല്‍ ആപ്പിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം.