ജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നിറവ് മേള നഗരിയില്‍ സുസജ്ജരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാകുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, കാരുണ്യ പദ്ധതികളിലേക്ക് രോഗികളില്‍ നിന്നും അപേക്ഷ സ്വീകരിക്കല്‍, ആധാര്‍ സംബന്ധമായ എല്ലാ സേവനങ്ങളും, പ്ലസ് വണ്‍ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകജാലക രജിസ്‌ട്രേഷന്‍, പി.എസ്.സി വണ്‍ടൈം രജിസ്‌ട്രേഷന്‍, ന്യൂനപക്ഷ വകുപ്പില്‍ നിന്നും ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള വിവിധ അപേക്ഷാഫോമുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ തുടങ്ങി പൊതുജനത്തിന് ആവശ്യമായ പരമാവധി സേവനങ്ങല്‍, ഓഫീസുകള്‍ കയറിയിറങ്ങാതെ പ്രദര്‍ശന മേളനഗരിയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്നു.
പുതിയ ആധാര്‍ എന്റോള്‍ ചെയ്യുക, ആധാര്‍കാര്‍ഡിലെ തെറ്റുതിരുത്തല്‍, നഷ്ടപ്പെട്ട ആധാറിനു പകരം നല്‍കല്‍, നവജാതശിശു മുതല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ് എടുക്കല്‍, ഫുഡ് ആന്റ് സേഫ്റ്റി രജിസ്‌ട്രേഷന്‍ തുടങ്ങിയവയെല്ലാം അക്ഷയയുടെ സ്റ്റാളില്‍ സൗജന്യമായി ചെയ്ത് നല്‍കും. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങളുടെ വിവരങ്ങള്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് വിശദീകരിച്ച് നല്‍കുന്നു. കൂടാതെ മേളനഗരിയില്‍ സൗജന്യ വൈഫൈ സൗകര്യവും അക്ഷയ സജ്ജീകരിച്ചിട്ടുണ്ട്. ഇ-സേവനങ്ങല്‍ താമസംവിന ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ അക്ഷയയയുടെ 5 സ്റ്റാളുകളിലായി 5 സംരംഭകരും ജില്ലാ അക്ഷയകേന്ദ്രത്തിലെ മൂന്ന് ഉദ്യോഗസ്ഥരും ഇവിടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്.
കാരുണ്യ പദ്ധതിയില്‍ രോഗികളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നത് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്റ്റാളിലൂടെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കുകയും പഴയ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതും ജില്ലാ ലേബര്‍ ഓഫീസ് സ്റ്റാളിലാണ്. ന്യൂനപക്ഷ സ്റ്റാള്‍ മുഖേന ബന്ധപ്പെട്ടവര്‍ക്ക് സൗജന്യ കോഴ്‌സ്, പരിശീല പരിപാടികളിലേക്കുള്ള അപേക്ഷാഫോമുകള്‍ എന്നിവ നല്‍കുന്നുണ്ട്.
