എറണാകുളം: ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള 846 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചു കളക്ടര്‍ ഉത്തരവിറക്കി.

വെബ് കാസ്റ്റിംഗ് നടത്തുന്ന പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യത്തിനുള്ള ലൈറ്റിംഗ് ക്രമീകരണം, ഇലക്ടിക്കല്‍ പവര്‍ പോയിന്റുകള്‍, കുറഞ്ഞത് മൂന്ന് സോക്കറ്റുകളുള്ള എക്സ്റ്റന്‍ഷന്‍ കോഡുകള്‍ എന്നിവ സജ്ജീകരിക്കേണ്ട ചുമതല സെക്ടറല്‍ ഓഫീസര്‍മാര്‍ക്കാണ്. സോക്കറ്റുകളില്‍ ഒന്ന് ബി.എസ്.എന്‍.എല്‍ മോഡം പ്രവര്‍ത്തിപ്പിക്കുന്നതിനും രണ്ട് സോക്കറ്റുകള്‍ വെബ്കാസ്റ്റിംഗ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് സജ്ജീകരിക്കേണ്ടത്.

ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം ബി.എസ്.എന്‍.എല്‍ മോഡവും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും സ്ഥാപിക്കുന്നതിനു വേണ്ടി പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്ന് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ട്രയല്‍ റിവസം രാവിലെ 10.00 മുതല്‍ ബൂത്തുകള്‍ തുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബി.എസ്.എന്‍.എല്‍ മോഡം ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു മുതല്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്നും ഇവ തിരികെ ഏടുക്കുന്നതുവരെ ഈ ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.

ട്രയല്‍ റണ്‍ ദിവസവും ഇലക്ഷന്‍ ദിവസവും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിലെ സ്പാര്‍ക്ക് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലടക്കം വെബ്കാസ്റ്റിംഗ് നടക്കുന്ന എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കെ.എസ്.ഇ.ബി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണം. വെബ്കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണത്തില്‍ തടസം നേരിട്ടാല്‍ അത് പരിഹരിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരെ ഫീല്‍ഡ് തലത്തിലും ജില്ലാ കണ്‍ട്രോള്‍ റൂമിലും ചുമതലപ്പെടുത്തേണ്ടതാണ്.

പോളിംഗ് സ്‌റ്റേഷനുകളിലാവശ്യമായ ജനറേറ്ററുകള്‍ ഇആര്‍ഒമാര്‍ ഉറപ്പുവരുത്തണം. പോളിംഗ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് നടത്തുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് ഇ-ഐഡി കാര്‍ഡ് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇവര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കണം.

പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ ബിഎസ്എന്‍എല്‍ ഫൈബര്‍ പ്ലാന്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉള്‍പ്പടെയുള്ള ഏല്ലാ കണക്ഷനുകളും ആദ്യ ട്രയല്‍ ദിവസത്തിന് രണ്ട് ദിവസത്തിനു മുമ്പ് അതായത് മാര്‍ച്ച് 30 നു മുമ്പ് ബി.എസ്.എന്‍.എല്‍ പൂര്‍ത്തിയാക്കണം. വെബ്കാസ്റ്റിംഗ് നടക്കുന്ന എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

വെബ്കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനായി സ്പാര്‍ക്ക് ഹാളിലെ കണ്‍ട്രോള്‍ റൂമിലേക്ക് ട്രയല്‍ റണ്‍ ദിവസവും തിരഞ്ഞെടുപ്പ് ദിവസവും കണ്‍ട്രോള്‍ റൂമുകളിലെ ലോഗിനുകളുടെ എണ്ണം അനുസരിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ടതാണ്. ട്രയല്‍ റണ്‍ ദിവസവും പോളിംഗ് ദിവസവും കളക്ടേ്രടറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് സാങ്കേതിക
ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.