ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ആയുധനിയന്ത്രണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ പുന;ക്രമീകരിച്ചു ഉത്തരവായി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആയിട്ടുളള ലൈസൻസികൾ, വിധ്വംസക- രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ, മറ്റ്  അയോഗ്യതകളുളളവർ എന്നിവരൊഴികെ ജില്ലയിലെ മറ്റെല്ലാ ആയുധ ലൈസൻസികളെയും ആയുധങ്ങൾ സറണ്ടർ ചെയ്യിക്കുന്നതിൽ നിന്നും പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ജില്ലാ റൈഫിൾ അസോസിയേഷന്റെ പേരിലുളള, ലൈസൻസോടു കൂടിയ തോക്കുകൾ, സ്പോർട്സ് ആവശ്യത്തിനു മാത്രമായി ലൈസൻസ് നേടിയവരുടെ തോക്കുകൾ, ആയുധ ലൈസൻസുകളുള്ള ബാങ്കുകളുടെ തോക്കുകൾ എന്നിവ ഒഴികെ ജില്ലയിലെ മുഴുവൻ ആയുധ ലൈസൻസികളുടെയും ആയുധങ്ങൾ സറണ്ടർ ചെയ്യേണ്ടതാണെന്ന് ഉത്തരവായിരുന്നതാണ്.

കേരള ഹൈകോടതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ്  ഉത്തരവിന്മേൽ പുന :പരിശോധന നടത്തിയത്. പുതിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉത്തരവ് നടപ്പിൽ വരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടികൾ സ്വീകരിൿമെന്ന്  ജില്ലാ കളക്ടർ അറിയിച്ചു.