തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് വിദ്യാർത്ഥികളുമായി സംവദിച്ചു. സ്വീപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ടൈം വോട്ടേഴ്സ് ക്യാംപയിനോട് അനുബന്ധിച്ചാണ് കലക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും കലക്ടർ വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ വിവിധ കലാലയങ്ങളിലെ എൻ എസ് എസ് വളണ്ടിയർമാരാണ് പരിപാടിയിൽ പങ്കെടുത്തത്.

സ്വീപ്പ് നോഡൽ ഓഫീസർ പി സി ബാലഗോപാലും മറ്റ് ഇലക്ഷൻ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്നും ഇവിഎം, വിവി പാറ്റ്, ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങിയ വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും വിശദീകരിച്ചു. തുടർന്ന് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പോസ്റ്റർ ജില്ലാ കലക്ടർ കോളേജ് അധികൃതർക്ക് കൈമാറി. ചടങ്ങിൽ സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ആശ തെരേസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എൻ എസ് എസ് കോർഡിനേറ്റർ ടി വി ബിനു സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ എം എസ് അനന്യ നന്ദിയും പറഞ്ഞു.