എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുകയും പോളിങ് ബൂത്തുകൾ സജ്ജമാവുകയും ചെയ്തതോടെ ഹരിത പെരുമാറ്റ ചട്ടം കൂടുതൽ കർശനമാക്കാൻ ശുചിത്വ മിഷൻ. ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും അവസാന ഘട്ടത്തിലാണ്. കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹരിത സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ടുള്ള സൈക്കിൾ റാലി സംഘടിപ്പിച്ചു.

പോളിങ് ദിവസം ഗ്രീൻ പ്രോട്ടോകോൾ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് മുഴുവൻ പഞ്ചായത്തുകളിലും ഹരിത ബൂത്ത് തയ്യാറാക്കും. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും മാലിന്യം തരം തിരിക്കുന്നതിനും ബയോ മെഡിക്കൽ മാലിന്യങ്ങൾ വേർതിരിച്ചു കയറ്റി അയക്കുന്നതിനും ഹരിത കർമ്മ സേനകളെ വിന്യസിച്ചിട്ടുണ്ട്. ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈമാറ്റം ചെയ്യുന്ന വാഹനങ്ങൾ ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലും നിയോജക മണ്ഡലങ്ങളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചു.

തിരഞ്ഞെടുപ്പ് ദിവസം മാലിന്യ സംസ്കരണം മോണിറ്റർ ചെയ്യുന്നതിന് ജില്ലാ നോഡൽ ഓഫീസർ ഷൈൻ പി.എച്ചിന്റെ നേതൃത്വത്തിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കും. ജില്ലയിലെ ബൂത്തുകളിൽ ഹരിത ചട്ട പാലനവും മാലിന്യ സംസ്കരണവും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആർ.പി മാരടങ്ങുന്ന സംഘം പരിശോധന നടത്തും .