കൊച്ചി: കോഴിക്കോട് ജില്ലയില്‍ നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണത്തെ കുറിച്ചും പരിശീലനം നല്‍കി. കലൂര്‍ ഐ എം എ ഹാളില്‍ നടന്ന പരിശീലനപരിപാടി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംയുക്ത പ്രവര്‍ത്തനമുണ്ടാവണം. രോഗത്തെ കുറിച്ചു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ജനങ്ങളില്‍ കൃത്യമായ അവബോധമുണ്ടാക്കുന്നതിന് ഡോക്ടര്‍മാരുടെ സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഡോ ഗില്‍സ്, ഡോ പി എസ് രാകേഷ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, അഡീഷണല്‍ ഡി എം ഒ ഡോ എസ് ശ്രീദേവി, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ ആര്‍ വിദ്യ, ഐ എം എ പ്രസിഡന്റ് ഡോ വര്‍ഗീസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
