കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ 15000 ലൈഫ് ജാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ
അറിയിച്ചു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.
ആദ്യഘട്ടമായി 100 പേര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യും. ഓഖി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഭാവിയില്‍ ഉണ്ടായാല്‍ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് ആധുനിക ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റുകള്‍ മത്സ്യബന്ധന പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നതിനാല്‍ ഭൂരിപക്ഷം പേരും കടലില്‍ കൊണ്ടുപോയിരുന്നില്ല. ഇപ്പോള്‍ വിതരണം ചെയ്യുന്ന ലൈഫ് ജാക്കറ്റുകള്‍ മത്സ്യത്തൊഴിലാളി കടലില്‍ വീഴുകയോ മറ്റ് അപകടങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഉപ്പ് വെള്ളത്തിന്റെ സ്പര്‍ശനമേല്‍ക്കുമ്പോള്‍ തന്നെ വായു നിറയുകയും വെള്ളത്തില്‍ പൊങ്ങി കിടക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിംഗ് ബാധകമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായാണ് പുതിയ ലെഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.