നിയന്ത്രണങ്ങൾ കടുപ്പിച്ചു

എറണാകുളം: കോവിഡ് രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കുന്നതിന് പോലീസിൻ്റെ നേതൃത്വത്തിലും നടപടികൾ ശക്തമാക്കി. കൂടുതൽ ആളുകളിലേക്ക് വാക്സിനേഷൻ കൃത്യമായി എത്തിയാക്കുന്നതിനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു.

നിലവിൽ 10.75 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ ആർ ടി – പി സി ആർ പരിശോധനയും കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സുമെൻറിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇൻഡോർ പരിപാടികളിൽ 100 ഉം ഔട്ട് ഡോർ പരിപാടികളിൽ 200 ഉം ആളുകൾ മാത്രമേ പങ്കെടുക്കാവൂ. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്ന 72 മണിക്കൂറിനുള്ളിൽ ആർ ടി – പി സി ആർ , ആർ ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ വാക്സിൻ എടുത്തവരോ ആയിരിക്കണം.

വിവാഹം ,കലാ-കായിക, സാംസ്കാരിക പരിപടികൾ, ഉത്സവങ്ങൾ തുടങ്ങി എല്ലാ പൊതുപരിപാടികൾക്കും ഇത് ബാധകമായിരിക്കും. യോഗങ്ങൾ രണ്ട് മണിക്കൂർ സമയത്തിൽ പരിമിതപ്പെടുത്തണം. ഹോട്ടലുകളിലും ,റെസ്റ്റോറൻ്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലങ്കിൽ ടേക്ക് ഹോം സംവിധാനം ഏർപ്പെടുത്തണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രം ഒരേ സമയം അനുവദിക്കാവൂ.

സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടി കോർപ്പ്, പൗൾട്രി കോർപറേഷൻ ,മത്സ്യഫെഡ്, മിൽമ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഏകോപിപ്പിച്ചു ഓൺലൈൻ സംവിധാനമുപയോഗിച്ചു നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഷോപ്പുകളും ഹോം ഡെലിവറി സംവിധാനം വിപുലപ്പെടുത്തണം.

ടെലിഡോക്ടർ സംവിധാനമായ ഇ- സഞ്ജീവനി എല്ലാ ആശുപത്രികളിലും ഏർപ്പെടുത്തും. ട്രയിനുകളിലും ബസ്സുകളിലും ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാൻ പാടുള്ളതല്ല. അത്യാവശ്യമായ യോഗങ്ങൾ കഴിവതും മൂന്നാഴ്ചത്തേക്ക് സംഘാടകർ നീട്ടി വയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളിൽ അത് കഴിയുന്നതും ഭക്ഷണപ്പൊതികളായി നൽകണം. അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി ഒൻപതു വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.