വയനാട്: ആശുപത്രികളില്‍ രോഗികളുടെ തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി വഴി ചികിത്സ തേടാം. 33 തരം ഒ.പി.ഡി ടെലി മെഡിസിന്‍ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. കോവിഡ്-19 ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ടെലി മെഡിസിന്‍ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ-സഞ്ജീവനിക്ക് രൂപം നല്‍കിയത്.

കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങള്‍ക്കുള്ള മറുപടിയും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ.പി.ഡി വഴി ലഭ്യമാണ്. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ആശുപത്രിയില്‍ നേരിട്ട് പോകാതെ ഓണ്‍ലൈന്‍ വഴി ചികിത്സാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഇ-സഞ്ജീവനിയിലൂടെ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പെടെ 33 തരം ഒ.പി.ഡി. സേവനങ്ങള്‍ ലഭ്യമാണ്.

ജനറല്‍ ഒ.പി (രാവിലെ 8-രാത്രി 8): വ്യക്തിഗത ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനമാണിത്. ഏത് അസുഖങ്ങള്‍ക്കും ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. ശിശു-നവജാത ശിശു വിഭാഗം (തിങ്കള്‍-ശനി, രാവിലെ 10-ഉച്ചയ്ക്ക് 1): ശിശു-നവജാത ശിശുരോഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. ആശുപത്രി സന്ദര്‍ശനം മൂലം കുട്ടികള്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള അണുബാധകളില്‍ നിന്നു സംരക്ഷണം നേടാം.

സൈക്യാട്രി (തിങ്കള്‍-വെള്ളി, രാവിലെ 9-ഉച്ചയ്ക്ക് 1): മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയും സംശയദൂരീകരണവും ഇ-സഞ്ജീവനി വഴി ലഭിക്കും. മനോരോഗ വിദഗ്ധരുമായി ഓണ്‍ലൈന്‍ വഴി സംവദിക്കാനുള്ള അവസരവും ലഭ്യമാണ്. പോസ്റ്റ് കോവിഡ് ഒ.പി (എല്ലാദിവസവും രാവിലെ 9-വൈകീട്ട് 5): കോവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും പരിഹാരം തേടാം. ഡി.ഇ.ഐ.സി ഒ.പി (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കുഞ്ഞുങ്ങളിലെ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും തുടര്‍ചികിത്സയ്ക്കും ഈ സംവിധാനം ആശ്രയിക്കാം.

വളര്‍ച്ചാ മുരടിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയും. കൗമാര ക്ലിനിക്ക് (തിങ്കള്‍-വെള്ളി, രാവിലെ 10-വൈകീട്ട് 4): കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സേവനം ലഭ്യമാണ്. സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും അഡോളസന്റ് ക്ലിനിക് കൗണ്‍സലര്‍മാരും നേതൃത്വം നല്‍കുന്നു.

സ്പെഷ്യാലിറ്റി ഒ.പികള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് തിരുവനന്തപുരം- എന്‍.സി.ഡി ഒ.പി (ചൊവ്വ, വ്യാഴം, ഉച്ചയ്ക്ക് 2-വൈകീട്ട് 4). ഇംഹാന്‍സ് കോഴിക്കോട്- കുട്ടികള്‍ക്കും (ചൊവ്വ) മുതിര്‍ന്നവര്‍ക്കുമുള്ള (ബുധന്‍) പ്രത്യേക മാനസികാരോഗ്യ ക്ലിനിക്ക് (രാവിലെ 10-ഉച്ചയ്ക്ക് 12). മലപ്പുറം ജില്ലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന മാനസികാരോഗ്യ ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1), ഡെര്‍മറ്റോളജി ഒ.പി (വ്യാഴം രാവിലെ 9-ഉച്ചയ്ക്ക് 1). മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തലശ്ശേരി- ഹെഡ്-നെക്ക് ക്യാന്‍സര്‍ വിഭാഗം (ചൊവ്വ, വെള്ളി ഉച്ചകഴിഞ്ഞ് 3-4), സര്‍ജിക്കല്‍ ഓങ്കോളജി (തിങ്കള്‍, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), മെഡിക്കല്‍ ഓങ്കോളജി (ബുധന്‍, വെള്ളി ഉച്ചകഴിഞ്ഞ് 3-4), രക്താര്‍ബുദ സംബന്ധമായ ഹെമറ്റോളജി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം ഉച്ചകഴിഞ്ഞ് 3-4), സ്തനാര്‍ബുദ/ഗൈനക്കോളജിക്കല്‍ ക്യാന്‍സര്‍ ക്ലിനിക്കുകള്‍ (തിങ്കള്‍, ബുധന്‍ ഉച്ചകഴിഞ്ഞ് 3-4), ശ്വാസകോശ സംബന്ധം (വെള്ളി ഉച്ചകഴിഞ്ഞ് 3-4), കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സാ ക്ലിനിക്ക് (ബുധന്‍ 3-4), റേഡിയേഷന്‍ ക്ലിനിക്ക് (തിങ്കള്‍, വ്യാഴം 3-4), പുനരധിവാസ ക്ലിനിക്കുകളും നേത്രരോഗ ചികിത്സാ വിഭാഗവും (വെള്ളി 3-4), സാന്ത്വന പരിചരണ ചികിത്സാ ക്ലിനിക്കുകള്‍ (ചൊവ്വ, വെള്ളി 3-4). കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍- ഹെഡ്്, നെക്ക് വിഭാഗം (ബുധന്‍, വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 12), മെഡിക്കല്‍ ഓങ്കോളജി (തിങ്കള്‍, ചൊവ്വ 9-12), ഗര്‍ഭാശയ ക്യാന്‍സര്‍ ക്ലിനിക്ക് (വ്യാഴം 9-12), റേഡിയേഷന്‍ ക്ലിനിക്ക് (വ്യാഴം, വെള്ളി 9-12). റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം- സംശയനിവാരണവും നിര്‍ദേശങ്ങളും വിഭാഗം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2-3), ഡി, ഇ, എഫ് ക്ലിനിക്കുകള്‍ (ചൊവ്വാഴ്ചകളില്‍ യഥാക്രമം ഉച്ചകഴിഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി, ബി, എ ക്ലിനിക്കുകള്‍ (വെള്ളിയാഴ്ചകളില്‍ യഥാക്രമം ഉച്ചയ്ക്ക് 2-2.45, 2.45-3.30, 3.30-4.14). കോഴിക്കോട് ജില്ലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ത്വക് രോഗവിഭാഗം (തിങ്കള്‍, ചൊവ്വ, വ്യാഴം രാവിലെ 9- ഉച്ചയ്ക്ക് 1), ശിശുരോഗ വിഭാഗം (ബുധന്‍-ശനി രാവിലെ 9-1), ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി (വെള്ളി ഉച്ചയ്ക്ക് 2-വൈകീട്ട് 4), സൈക്യാട്രി ക്ലിനിക്കുകള്‍ (ചൊവ്വ, വ്യാഴം 2-4), ഹൃദ്രോഗ ചികിത്സാ വിഭാഗം (വെള്ളി രാവിലെ 9-ഉച്ചയ്ക്ക് 1), ജനറല്‍ മെഡിസിന്‍ (ചൊവ്വ, വ്യാഴം, ശനി 9-1). esanjeevani OPD ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റ് വഴിയും ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സേവനം ഉപയോഗപ്പെടുത്താം.