തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മേല്‍നോട്ട ചുമതല തിരുവനന്തപുരം, നെടുമങ്ങാട് സബ് കളക്ടര്‍മാര്‍ക്കു നല്‍കി.
തദ്ദേശ സ്ഥാപനതലത്തില്‍ സജ്ജീകരിക്കുന്ന ഡി.സി.സികള്‍(ഡോമിസെല്‍ കെയര്‍ സെന്ററുകള്‍), സി.എഫ്.എല്‍.ടി.സികള്‍, സി.എസ്.എല്‍.ടി.സികള്‍, കോവിഡ് ആശുപത്രികള്‍ എന്നിവയുടെ മേല്‍നോട്ട ചുമതല ജില്ലാ വികസന കമ്മിഷണര്‍ക്കായിരിക്കും. കോവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക തയാറാക്കല്‍, ക്വാറന്റൈന്‍, പേഷ്യന്റ് മാനേജ്മെന്റ്, വാക്സിനേഷന്‍ തുടങ്ങിയവ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ ഊര്‍ജിതമാക്കും. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളുമായുള്ള ഏകോപനവും മറ്റു നടപടികളും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിര്‍വഹിക്കും.