കൊച്ചി : കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ പൂർണ്ണ സജ്ജമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ പഞ്ചായത്തുകളിലും ആവശ്യമായിവരുന്നതനുസരിച്ച് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തിൽ പത്ത് പഞ്ചായത്തുകളിൽ സിഎഫ് എൽടിസികൾ ആരംഭിച്ചിട്ടുണ്ട്. .

തിരുമാറാടി, ചോറ്റാനിക്കര, വടവുകോട്- പുത്തൻകുരിശ്, മുളന്തുരുത്തി, കിഴക്കമ്പലം, മഴുവന്നൂർ, ചേന്ദമംഗലം, പുത്തൻവേലിക്കര, ആലങ്ങാട്, തുറവൂർ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡൊമസിലറി കെയർ സെന്റെറുകളും ( സി സി സി) ആരംഭിക്കും. ഇത്തരം സെന്റെറുകൾ വഴി രോഗലക്ഷണം ഉള്ളവർക്ക് ആദ്യഘട്ട നിർദ്ദേശങ്ങൾ നൽകും. നിലവിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ട്രൈബൽ ഷെൽട്ടർ ഡി സി സി ആയി മാറ്റിയിട്ടുണ്ട്. ആദിവാസി മേഖലകളിൽ നിന്നായി ഒമ്പത് പേരെ ഇവിടെ പ്രവേശിപ്പിക്കുകയും അവർക്ക് വേണ്ട കരുതൽ നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു.

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 0484 2422219 നമ്പറിൽ വിളിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാം. എന്നാൽ സ്ഥിതി കൂടുതൽ വഷളായാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിക്കും. ഒപ്പം ആവശ്യമുള്ള ഇടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള അടിയന്തിര സേവനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിര്‍വ്വഹിക്കുന്നുണ്ട്.

ജില്ലയിൽ വാർഡ്തല സമിതികൾ സജ്ജമാണ്. ഇതിന്റെ ഭാഗമായി പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ‘അടിയന്തര പ്രതികരണ ടീം’(Emergency Response Team-ERT) രൂപീകരിക്കുകയും കിലയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ഇവർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. വാർഡ് തല സമിതികൾ ഓരോ വീടുകളും സന്ദർശിച്ച് ബോധവത്കരണവും ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ഗൃഹസന്ദര്‍ശനം. വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിദിന മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തും. എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വാര്‍ഡ്തല സമിതികള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ബോധവത്കരണ പരിപാടികള്‍ വിപുലമാക്കും. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുകയും ചെയ്യും.

കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നതിനുള്ള ആംബുലൻസ് സൗകര്യം ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തെയും സഹായത്തോടെ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമായി വരുന്ന മുറയ്ക്ക് ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചണുകൾ വീണ്ടും പുനരാരംഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് എത്തിക്കുന്നതിന് ഭാഗമായി കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ, പ്രചരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

ഭവനരഹിതരായ വരെയും തെരുവിൽ കഴിയുന്നവരെയും കണ്ടെത്തി അവർക്ക് ഭക്ഷണ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തും. രോഗവ്യാപനം ഉള്ള പ്രദേശങ്ങൾ റസിഡൻസ് അസോസിയേഷനുകൾ, വ്യാപാര വാണിജ്യ സംഘടനകൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുമായി ചർച്ച നടത്തി സ്വീകരിക്കേണ്ട അടിയന്തര നടപടികൾ നിശ്ചയിക്കും.