ഇടുക്കി: തൊടുപുഴ അസംബ്‌ളി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ന്യൂമാന്‍ കോളേജില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കൗണ്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയതായി കളക്ടര്‍ പറഞ്ഞു.
മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുക. എട്ടരയോടെ വോട്ടിംഗ് മെഷീന്‍ കൗണ്ടിംഗ് ആരംഭിക്കും. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഏപ്രില്‍ 30ന് തന്നെ അതത് മണ്ഡലങ്ങളിലെത്തും. ആര്‍.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് തിങ്കളാഴ്ചയാണ് പരിശീലനം.
271 ബൂത്തുകളാണ് തൊടുപുഴ നിയോജക മണ്ഡലത്തിലുള്ളത്. വോട്ട് എണ്ണുന്നതിനായി മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിലും ആറ് ടേബിളുകള്‍ വീതമാണുണ്ടാവുക. ഒരു റൗണ്ടില്‍ 18 ബൂത്തുകള്‍ എണ്ണാനാവും. ഇത്തരത്തില്‍ 16 റൗണ്ടില്‍ കൗണ്ടിംഗ് പൂര്‍ത്തിയാകും വിധമാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കൗണ്ടംഗ് ഹാളിലും ഓരോ അസി. റിട്ടേണിംഗ് ഓഫീസര്‍മാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിനെത്തുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇരിക്കുന്നതിനും പ്രത്യേകം ഇരിപ്പിടങ്ങളുണ്ടാവും. ഓരോ റൗണ്ട് കഴിയുമ്പോഴും വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും സംവീധാനമുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്കായും പ്രത്യേകം ഇരിപ്പിടങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടാവും. 5300 പോസ്റ്റല്‍ ബാലറ്റാണ് തൊടുപുഴയിലുള്ളത്. ഇതിനായി ഒരേ സമയം 500 വോട്ട് എണ്ണത്തക്ക രീതിയില്‍ 10 ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന കൗണ്ടിംഗ് ഹാളുകള്‍ക്ക് സമീപം തന്നെ ബാല്‍ക്കണിയിലാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനുള്ള കൗണ്ടറും സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ വിവി പാറ്റ് കൗണ്ടിംഗിനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.
നറുക്കിട്ടെടുക്കുന്ന അഞ്ച് മെഷീനുകളാവും വിവി പാറ്റ് കൗണ്ടിംഗിന് എടുക്കുക. വോട്ടെണ്ണല്‍ തല്‍സമയം നേരിട്ട് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി റിട്ടേണിംഗ് ഓഫീസര്‍, ഒബ്‌സര്‍വര്‍, കളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കായി വോട്ടെണ്ണല്‍ ഹാളിലെ സ്‌റ്റേജില്‍ പ്രത്യേകം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വിവിധയിടങ്ങളിലായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കൗണ്ടിങ് ജോലിക്കള്‍ക്കായി 149 ഉം അനുബന്ധ ജോലിക്കായി 150 ഉം ഉദ്യോഗസ്ഥരെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. എഡിഎം അനില്‍ കുമാര്‍, ആര്‍ഡിഓ അനില്‍ കെ. ഉമ്മന്‍, തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.