എറണാകുളം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ തീപിടിത്തമുണ്ടാകുകയും നിരവധി രോഗികള്‍ മരിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നടപടി. ആശുപത്രികളില്‍ തീപിടിത്തം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

തീപിടിത്തം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാ ആശുപത്രികളിലും ഉറപ്പാക്കണം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാരെയും സന്ദര്‍ശകരെയും പ്രവേശിപ്പിക്കുന്നത് ഡോക്ടര്‍മാരുടെ അനുമതിയോടെയായിരിക്കണം. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നാഷണല്‍ ബില്‍ഡിംഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരം ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗ്‌സിന്റെ പരിധിയിലാണ് വരുന്നത്. ഈ വിഭാഗത്തിലെ കെട്ടിടങ്ങള്‍ക്ക ബാധകമായ അഗ്നി സുരക്ഷാ ക്രമീകരണങ്ങള്‍ ആശുപത്രികളിലുണ്ടായിരിക്കേണ്ടതാണ്.

ഫയര്‍ ഓഫീസറുടെ സേവനം ഉറപ്പാക്കുകയും ഫയര്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുകയും വേണം. ഫയര്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി ഓഡിറ്റ്, അസറ്റ്‌സ് ആന്‍ഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്നിവയും അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ചിട്ടുണ്ട്. നിയമപ്രകാരമുള്ള സുരക്ഷാ നടപടികള്‍ ആശുപത്രികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധന നടത്തണം. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശീലനവും ബോധവത്കരണവും നല്‍കണം.