പാലക്കാട്: ജില്ലയിലെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ചെമ്പൈ ഗവ. സംഗീത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ വാർ റൂം സജ്ജമായതായി ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രികളില് ആവശ്യമായ അളവില് കൃത്യസമയത്ത് ഓക്സിജന് എത്തിക്കാനാകും. ചെമ്പൈ ഗവ. സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻറ് സപ്പോർട്ട് യൂണിറ്റുമായി(ഡി പി എം എസ് യു) ചേർന്നാണ് വാർ റൂം പ്രവർത്തിക്കുന്നത്. ആശുപത്രികൾക്ക് വാർ റൂമിലെ ഓക്സിജൻ കോൾ സെന്ററിൽ നേരിട്ട് ബന്ധപ്പെടാനുമാകും.
സബ്കളക്ടർ അർജുൻ പാണ്ഡ്യനാണ് മേൽനോട്ട ചുമതല. ഡി പി എം എസ് യു നോഡൽ ഓഫീസറും ഓക്സിജൻ വാർ റൂം നോഡൽ ഓഫീസറുമായ ഡോ.മേരി ജ്യോതി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഒൻപത് അംഗ കമ്മിറ്റിയെ വാർ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്. സപ്ലൈ യൂണിറ്റുകൾക്കും ആശുപത്രികൾക്കും ഉത്പാദകർ ഓക്സിജൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ വാർ റൂം മുഖേന നിരീക്ഷിച്ച് സമിതി ഉറപ്പാക്കും.
സമിതി അംഗങ്ങൾ
1) ഡോ മേരി ജോതി, നോഡൽ ഓഫീസർ, ഡി പി എം എസ് യു, പാലക്കാട്‌.
2) ഡോ കെ.എസ് കൃപ, ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം.
3) അബ്ബാസ്, ഡെപ്യൂട്ടി കലക്ടർ (ആർ ആർ)
4) ബിജുകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി.
5) സി മോഹനൻ, ജോയിന്റ് ആർടിഒ.
6) പി. സുരേഷ് കുമാർ, ടെക്നിക്കൽ ഡയറക്ടർ, എൻ. ഐ. സി
7) കെടി ആശ, ജില്ലാ ബയോമെഡിക്കൽ എൻജിനീയർ.
8) പി കെ രാധാകൃഷ്ണൻ, കെ എം സി എൽ ജില്ലാ മാനേജർ.
9) എ. അരവിന്ദാക്ഷൻ, അസിസ്റ്റന്റ് കമ്മീഷണർ, ടാക്സ് ഡിപ്പാർട്ട്മെന്റ്.
വാർ റൂമുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഓക്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ദിവസേനെ കോവിഡ് ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തുകയും സർക്കാറിനും ബന്ധപ്പെട്ട അധികൃതർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും വേണം. വാർ റൂമിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി പാലിക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
അതത് ആശുപത്രികൾ യൂസർ ഐഡി ഉപയോഗിച്ച് നിലവിൽ ലഭ്യമായിട്ടുള്ള ഓക്സിജൻ, എത്ര ഉപയോഗത്തിൽ വരുന്നു തുടങ്ങിയവ സംബന്ധിച്ചും കോവിഡ്, നോൺ കോവിഡ് രോഗികളുടെ കണക്കും ആരോഗ്യജാഗ്രത പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിൻറെ അടിസ്ഥാനത്തിൽ ഓരോ ആശുപത്രികളിലും ആവശ്യമായ ഓക്സിജനും ഉപയോഗിച്ച് തീരുന്നതിന്റെ അളവും പോർട്ടലിൽ നിന്ന് ലഭ്യമാവുകയും അധികൃതർക്ക് നാലു മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനുമാകും.
ആശുപത്രികൾക്ക് ബന്ധപ്പെടാവുന്ന ഓക്സിജൻ കോൾ സെൻറർ നമ്പറുകൾ
0491 2510600
0491 2510603
0491 2510604
0491 2510605
8848902376