എറണാകുളം: ജില്ലയിൽ ആകെയുള്ള 82 പഞ്ചായത്തുകളിൽ 74 എണ്ണവും കണ്ടെയ്ൻമെൻ്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % ത്തിൽ കൂടുതലുള്ള പഞ്ചായത്തുകളാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയൽ, വടവുകോട് – പുത്തൻകുരിശ്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകൾ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് കർശന നിയന്ത്രണം.

കണ്ടെയ്ൻമെൻ്റ് സോണിലുള്ളവർ പുറത്തുള്ളവരുമായി ഇടപെടുന്നത് പരമാവധി നിയന്ത്രിക്കും. നിർമ്മാണ മേഖല അടക്കമുള്ള മേഖലയിൽ തൊഴിലാളികൾക്ക് അതാത് കോമ്പൗണ്ടിൽ തന്നെ താമസവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തണം. 26.54 % ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ചൂർണ്ണിക്കര, ശ്രീമൂലനഗരം, കുട്ടമ്പുഴ എന്നിവിടങ്ങളിൽ സിഎഫ്എൽടിസികൾ ആരംഭിക്കും.

ആശുപത്രികളിലേക്ക് ഓക്സിജൻ കൊണ്ടു പോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും സൈറണും ഏർപ്പെടുത്തും. കൂടാതെ ഷിപ്പ് യാർഡ്, ടെൽക്ക് തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സിലിണ്ടറുകൾ ഏറ്റെടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ തിരക്ക് കർശനമായി നിയന്ത്രിക്കും. സർക്കാർ മേഖലയിലെ പരിശോധനകൾ വർധിപ്പിക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ടീമുകളെ വിന്യസിക്കും. പരിശോധനയ്‌ക്കെത്തുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. രോഗലക്ഷണങ്ങളുമായി ആശുപത്രി ഒപികളിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.

കോവിഡ് നിരീക്ഷണത്തിനായി ഓരോ പഞ്ചായത്തുകളിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം വ്യാഴാഴ്ച നടക്കും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു.