ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, ഹൃദ്രോഗം ബാധിച്ചവര്‍, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയവരൊഴികെ എല്ലാവര്‍ക്കും പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം. ഇതിലൂടെ ശ്വാസതടസ്സമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനാകും.
ചെയ്യേണ്ട വിധം-കമഴ്ന്ന് കിടന്നോ മുഖം ഒരുവശത്തേക്ക് ചരിച്ചോ ക്രമമായി ശ്വസിക്കുന്ന വ്യായാമ രീതിയാണ് പ്രോണിംഗ്. ഇതുവഴി ശ്വാസകോശത്തിന് മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകും. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ തലയിണകള്‍ വയറിനടിയില്‍ വെയ്ക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമേ പ്രോണിംഗ് ചെയ്യാവൂ. രോഗിക്ക് സൗകര്യപ്രദമായ രീതിയില്‍ പരമാവധി 30 മിനിറ്റ് വരെ ഇത് തുടരാം. ശരീരത്തില്‍ ഓക്്‌സിജന്റെ അളവ് 95 ന് താഴെ എത്തുകയാണെങ്കില്‍ പ്രോണിംഗ് പലതവണ ചെയ്ത് അളവ് മുകളില്‍ എത്തിക്കാനാകും.