തിരുവനന്തപുരം: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ജില്ലയില്‍ സെഞ്ചുറി നിറവില്‍. മുറിഞ്ഞപാലത്ത് ആരംഭിക്കുന്ന ജില്ലയിലെ നൂറാമത് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മേയ് 10-ന് രാവിലെ 11.30ന് വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും.നഗരസഭ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു അധ്യക്ഷനാകും. നവജീവന്‍ അയല്‍ക്കൂട്ട അംഗങ്ങളാണ് പുതിയ ജനകീയ ഹോട്ടലിന്റെ സംരംഭകര്‍.
സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുക ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. 20 രൂപയ്ക്കാണ് ജനകീയ ഹോട്ടലുകള്‍ വഴി ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്.നിലവില്‍ കോവിഡ് രോഗികള്‍ക്കും ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണമെത്തിച്ചു നല്‍കുന്നുണ്ട്. ആയിരത്തിലധികം കുടുംബശ്രീ വനിതകള്‍ക്ക് ജീവനോപാധി ഉറപ്പാക്കാനും ജനകീയ ഹോട്ടലുകള്‍ വഴി സാധിച്ചു.
ജനകീയ ഹോട്ടലുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകീകൃത മെനു, യൂണിഫോം, വിദഗ്ധ പരിശീലനം എന്നിവ നടപ്പിലാക്കാന്‍ തീരുമാനിച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനുമായി ജില്ലാതല മോണിറ്ററിംഗ് ടീം രൂപീകരിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.