കാസർകോട് ജില്ലയിൽ കടൽക്ഷോഭവും  മഴയും ശക്തമായി തുടരുന്നു. കാര്യമായ നാശനഷ്ടം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 85.666 മില്ലിമീറ്റര്‍ മഴ ലഭിച്ചു.  ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.
ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി.

വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. ചിത്താരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.നീലേശ്വരം വില്ലേജിൽ തെങ്ങ് വീണ് ഒരു വീട് ഭാഗീകമായി തകർന്നു.

കസബ വില്ലേജിൽ കാസർകോട് കടപ്പുറത്ത് നാല് വീടുകളിൽ വെള്ളം കയറി. കുടുബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു.
ബാര വില്ലേജില്‍ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഹഫീദ (30), മകള്‍ സഫ (3) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് 70 ശതമാനത്തോളം തകര്‍ന്നു. ഉപജീവനമാര്‍ഗമായ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഏകദേശം അഞ്ച് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.

കടലാക്രമണം രൂക്ഷമായ വലിയപറമ്പ പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ എം.രാജഗോപാലൻ എം.എൽ.എ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചെറുവത്തൂർ പഞ്ചായത്തിൽ ഓർക്കുളത്തും എംഎൽഎ സന്ദർശിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയും ഒപ്പമുണ്ടായിരുന്നു.