ഇടുക്കി:   കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. ഇടുക്കി ജില്ലയിലെ നിരവധിയാളുകള്‍ക്കാണ് പ്രദേശത്ത് ലഭ്യമല്ലാത്ത മരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കിയത്.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെയും കെവിവൈഎഎഫ് വോളന്റിയര്‍മാരുടെയും യൂത്ത് ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ‘അകന്നു നില്‍ക്കാം അതിജീവിക്കാം നമ്മളൊന്ന്’ പദ്ധതിയിലൂടെയാണ് മലയോര മേഖലയായ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജീവന്‍ രക്ഷമരുന്നുകള്‍ തടസമില്ലാതെ എത്തിക്കാനായത്.

ഇടുക്കി വണ്ണപ്പുറം സ്വദേശി ബിനോയിക്ക് തിരുവനന്തപുരം ആര്‍സിസി യില്‍ നിന്നുള്ള മരുന്നും, കട്ടപ്പന വലിയകണ്ടം സ്വദേശിക്കുള്ള മരുന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും, മുവാറ്റുപുഴ സബയിന്‍ ആശുപത്രിയിലെ രോഗിക്കുള്ള മരുന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ നിന്നുമാണ് ലഭ്യമാക്കിയത്. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വോളന്റിയര്‍മാര്‍ കൈമാറി നല്‍കി കോട്ടയത്തെത്തിച്ച മരുന്ന് ജില്ലാ യുവജനകേന്ദ്രം ജീവനക്കാരന്‍ സതീഷ് തൊടുപുഴയിലെത്തിച്ച് നല്‍കി.

തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മരുന്നുകള്‍ ഏറ്റുവാങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്ക് കൈമാറി. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു, മരുന്ന് വണ്ടി കോര്‍ഡിനേറ്റര്‍മാരായ ഷിജി ജെയിംസ്, അജയ് ചെറിയാന്‍, വണ്ണപ്പുറം യൂത്ത് കോര്‍ഡിനേറ്റര്‍ ലിനു മാത്യു, കെവിവൈഎഎഫ്
വോളന്റിയര്‍മാരായ ജിത്തു ജസ്റ്റിന്‍, വിശാല്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ഈ സേവനം തുടരുമെന്ന് യുവജനക്ഷേമ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.