സംസ്ഥാനത്ത് 18-44 പ്രായവിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷനുള്ള അനുബന്ധ രോഗങ്ങളുടെ പട്ടിക വിപുലീകരിച്ചു. ഈ ക്രമീകരണത്തിലൂടെ നിലവിലെ ഘട്ടത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും.

പ്രമേഹം, രക്താദിമർദ്ദം, ഹൃദയ രോഗങ്ങൾ, ആസ്ത്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ, വളർച്ചക്കുറവ്, വൃക്കരോഗം, കരൾ രോഗം, മലാശയ സംബന്ധ രോഗങ്ങൾ (ക്രോൺസ് ഡിസീസ്), കാൻസർ, ജനിതക രോഗങ്ങൾ, ജന്മനായുള്ള മെറ്റബോളിക് രോഗങ്ങൾ, പൊണ്ണത്തടി (ബോഡി മാസ് ഇൻഡക്സ് 30നു മുകളിൽ), ഹോർമോൺ രോഗങ്ങൾ, വാതരോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, രക്തസംബന്ധമായ അരിവാൾ രോഗം പോലെയുള്ളവ, എച്ച്.ഐ.വി, പി.സി.ഒ.ഡി എന്നിവയുള്ളവരെയും ഭിന്നശേഷിക്കാര്‍, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ, ഇതിനു പുറമെ വാക്‌സിനേഷൻ ആവശ്യമാണെന്ന് ഡോക്ടര്‍ നിർദ്ദേശിക്കുന്ന മറ്റുള്ളവർ എന്നിങ്ങനെ 23 വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചത്.

www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തി covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ വ്യക്തിവിവരങ്ങള്‍ നല്‍കി അനുബന്ധ രോഗം സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തവരെയാണ് വാക്‌സിനേഷന് പരിഗണിക്കുക.

രോഗവിവരം വ്യക്തമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നൽകിയിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ ആണ് അപ് ലോഡ് ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്തവരുടെ രേഖകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് എസ്.എം.എസ്. അയയ്ക്കും. എസ്.എം.എസ് ലഭിക്കുന്നവര്‍ മാത്രം അതില്‍ നല്‍കിയിട്ടുള്ള കേന്ദ്രത്തില്‍ നിശ്ചിത തീയതിലും സമയത്തും എത്തിയാല്‍ മതിയാകും.

രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്‍റെ അസ്സല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും dhs.kerala.gov.in, arogyakeralam.gov.in, sha.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.