എറണാകുളം : കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും വെല്ലുവിളിയായ ശരീരത്തിലെ ഓക്‌സിജൻ അളവ്‌ കുറവ്‌ നേരിടുന്ന രോഗികൾക്ക്‌ ആശ്വാസമായി പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌. യുദ്ധകാലടിസ്ഥാനത്തിൽ ബ്ലോക്ക്‌ പഞ്ചായത്തിന്റെ സി.എസ്‌.എൽ.ടി.സിയായി പ്രവർത്തിക്കുന്ന മൂത്തകുന്നം സി.എച്ച്‌.സി.യിൽ 36 പേർക്ക്‌ ഒരേ സമയം ഓക്‌സിജൻ നല്കാൻ കഴിയുന്ന 36 ഓക്‌സിജൻ ബെഡുകൾ സ്ഥാപിച്ചു. ഓക്‌സിജൻ ബെഡ്ഡുകളുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിംന സന്തോഷ്‌ നിർവ്വഹിച്ചു.

എൻ.എച്ച്‌.എം മുഖേന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രിയാണ്‌ കേന്ദ്രീകൃത ഓക്‌സിജൻ ബെഡുകൾ സ്ഥാപിക്കുന്നതിനാവശ്യമായ 10 ലക്ഷം രൂപ വഹിച്ചിരിക്കുന്നത്‌. ഇതിനുപുറമേയാണ് പറവൂർ വടക്കേക്കര സർവ്വീസ്‌ സഹകരണ ബാങ്ക്‌ 3131ന്റെ സഹായത്തോടെ 1.5 ലക്ഷം രൂപ ചെലവ്‌ വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്റ്റോർ റൂമും സങജ്ജീകരിച്ചിട്ടുള്ളത്‌.സി.എസ്‌.എൽ.ടി.സിയിലേക്ക്‌ ആവശ്യമായ ഡോക്ടർ, സ്റ്റാഫ്‌ നേഴ്സ്‌ എന്നിവരെ എൻ.എച്ച്‌.എം വഴിയുമാണ് നിയമിച്ചിരിക്കുന്നത് . ക്ലീനിങ്ങ്‌ സ്റ്റാഫ്‌, ഭക്ഷണം എന്നിവ വടക്കേക്കര ഗ്രാമപഞ്ചായത്ത് വഴിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത് .

പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ .എസ്‌.സനീഷ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ പി.ശോഭ , ജില്ലാ പഞ്ചായത്തംഗം എ.എസ്‌.അനിൽകുമാർ, വടക്കേക്കര ഗ്രാമ പഞ്ചയത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ വൈസ്‌ പ്രസിഡന്റ്‌ വി.എസ്‌. സന്തോഷ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർപേഴ്‌സൺ ബബിത ദിലീപ്കുമാർ, വികസന സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർപേഴ്‌സൺ ഗാന അനുപ്‌, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർമാൻ ബാബു തമ്പുരാട്ടി, ബ്ലോക്ക്‌ പഞ്ചായത്തംഗം സജ്‌ന സൈമൺ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ പി.അർ.ഒ.രാജേഷ്‌ എന്നിവർ പങ്കെടുത്തു .