മലപ്പുറം: കോവിഡ് ജാഗ്രതാ ബോധവല്‍ക്കരണത്തിന് ചിത്ര സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി. മഹാമാരിയെ ചുറുക്കാന്‍ സ്വീകരിക്കേണ്ട വ്യക്തി ജാഗ്രത, കുടുംബ ജാഗ്രത, സമൂഹ ജാഗ്രത എന്നിവ സംബന്ധിച്ച് ചിത്രകലാധ്യാപകനായ സുരേഷിന്റെ ചിത്ര സന്ദേശങ്ങള്‍ക്ക് ജനസ്വീകാര്യത വര്‍ധിക്കുകയാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കാര്‍ട്ടൂണ്‍ രീതിയില്‍ അവതരിപ്പിച്ചാണ് സുരേഷ് ജനങ്ങളിലെത്തിക്കുന്നത്. അക്ഷരമാലയില്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച് വ്യത്യസ്ത അനുഭവങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ലളിതമായരീതിയിലാണ് ചിത്ര സന്ദേശങ്ങള്‍. പി.ഡി.എഫ് രൂപത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ ബ്ലോഗുകളിലൂടെയും പ്രചരിപ്പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

മലപ്പുറം ജില്ലാ  ആരോഗ്യ വകുപ്പും കോവിഡ് ബോധവത്കരണത്തിനായി സുരേഷ് കാട്ടിലങ്ങാടിയുടെ സൃഷ്ടികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സന്ദേശ ചിത്രങ്ങളുടെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സെക്കീന കോവിഡ് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. നവ്യ. ജെ. തൈക്കാട്ടിലിനു നല്‍കി പ്രകാശനം ചെയ്തു. ചിത്രകാരന്‍ സുരേഷും ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ മുഹമ്മദ് ഫസലും ചടങ്ങില്‍ സന്നിഹിതരായിരുന്നു. http://online.anyflip.com/hojc/ewbw/mobile/index.html എന്ന ലിങ്കില്‍ കോവിഡ് ബോധവത്ക്കരണ ചിത്ര സന്ദേശങ്ങള്‍ ലഭ്യമാണ്.

താനൂരിലെ കാട്ടിലങ്ങാടി സ്വദേശിയായ സുരേഷ് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ, ശ്രേഷ്ഠാചാര്യ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സംസ്ഥാന കലാധ്യാപക  റിസോഴ്‌സ് അംഗവുമാണ് സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചിത്ര കലയെ മാധ്യമമാക്കിക്കൊണ്ടുള്ള സുരേഷിന്റെ പല പ്രവര്‍ത്തനങ്ങളും മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്. ഗാന്ധിജി, അബ്ദുള്‍ കലാം ചിത്രങ്ങളും സൂക്തങ്ങള്‍, നവോഥാന നായകരുടെ ചിത്ര അവതരണം
കേരളപ്പിറവി സംക്ഷിപ്ത വിവരശേഖരണം തുടങ്ങിയവ അതില്‍ ചിലതാണ്. ചിത്ര കലയുമായി ബന്ധപ്പെട്ട് പഠനത്തിനൊപ്പം എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.