* മിഠായി പദ്ധതി ഉദ്ഘാടനം ചെയ്തു
ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകപ്രശസ്തമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്കുളള പദ്ധതികള്‍ നടപ്പാക്കാന്‍ സാമൂഹ്യനീതി വകുപ്പ് പ്രചോദകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിയായ മിഠായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൈപ് വണ്‍ പ്രമേഹം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ, ഭക്ഷണ കാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായി. പ്രമേഹബാധിത കുട്ടികള്‍ക്ക് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐസ് ബോക്‌സിലോ തെര്‍മോ ഫ്‌ളാസ്‌കിലോ സൂക്ഷിക്കേണ്ടിയിരുന്നു എന്നതും ഉപയോഗശേഷം മുപ്പത്തിയഞ്ചു മിനിറ്റ് കഴിയാതെ ആഹാരം കഴിക്കാന്‍ പാടില്ലായിരുന്നു എന്നതും അതിന്റെ ന്യൂനതയായിരുന്നു. മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. ഇന്‍ജക്റ്റ് ചെയ്താല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇട്ട് കൊണ്ടു നടക്കാമെന്നതും മിഠായിയുടെ മേന്‍മയാണ്.
സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരേണ്ടത് ജനങ്ങളാണെന്നും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചെറിയ പ്രായത്തില്‍ മനസ്സിലാക്കാനും കുട്ടികള്‍ക്ക് കരുത്ത് പകരാനും മാതാപിതാക്കള്‍ക്ക് കഴിയണമെന്നും ധനമന്ത്രി പറഞ്ഞു.
പ്രത്യേക പരിഗണന ലഭിക്കേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ആത്മാര്‍ത്ഥമായി ശ്രമിച്ചു വരികയാണെന്ന് ആരോഗ്യ, സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ-ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹ് ബാവ, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സംബന്ധിച്ചു.