മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 26.57 എന്ന നിലയിലായിരുന്നു. അതേസമയം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുള്‍പ്പടെ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടെല്ലന്നത് ആശങ്കാജനകമാണ്.

ജില്ലയില്‍ ഇന്ന് 4,587 പേര്‍ക്കാണ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചത്. 78 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെക്കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 65 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 804 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്. എന്നാല്‍ ബുധനാഴ്ച 4,720 പേര്‍ കൂടി രോഗവിമുക്തരായതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,29,231 ആയി.

66,540 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 44,959 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,454 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 275 പേരും 177 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 943 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.