എറണാകുളം : കൊച്ചി താലൂക്കിൽ മഴക്കാല മുന്നൊരുക്ക യോഗം ചേർന്നു. റാപിഡ് റെസ്പോൺസ് ടീം പഞ്ചായത്ത് തലത്തിൽ രൂപീകരിക്കണം. കൂടാതെ ജൂൺ മുതൽ ഡിസംബർ വരെ കൺട്രോൾ റൂമുകളും പ്രവർത്തിക്കണം . ജൂൺ 5 , 6 തീയതികളിൽ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ , പരിസരപ്രദേശങ്ങളിൽ നിർബന്ധമായും ഡ്രൈ ഡേ ആചരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഐ ആർ എസ് ചാർജ് ഓഫീസറായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ് പറഞ്ഞു .
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊലീസ് , ഫയർഫോഴ്സ്, ആരോഗ്യം, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെ എസ് ഇ ബി , വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടുള്ള മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ തഹസീൽദാറുടെ മേൽനോട്ടത്തിൽ നടത്തും . ദുരിതാശ്വാസകേന്ദ്രങ്ങൾ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി . രണ്ട് തരം ദുരിതാശ്വാസ ക്യാമ്പുകളായിരിക്കും പ്രവർത്തിക്കുക . ആദ്യത്തേത് കോവിഡ് രോഗികൾ അല്ലാത്തവർക്ക് വേണ്ടിയും രണ്ടാമത്തേത് ഹോം ക്വാറന്റെനിൽ ഉള്ളവർക്കും ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും വേണ്ടിയാണ്. കോവിഡ് പൊസിറ്റീവ് ആകുന്നവരെ എഫ് എൽ ടി സി , ഡിസിസി പോലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. പകർച്ചവ്യാധി തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .
ക്യാമ്പുകൾ മുൻകൂട്ടി കണ്ടെത്തി വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനും ക്യാമ്പികളിലേക്കു ആവശ്യമായ സാധന സാമഗ്രികൾ കരുതണം . മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്തണം . ക്യാമ്പുകളിലേക്ക് സാമൂഹിക അടുക്കളയിൽ നിന്നും ആഹാരം എത്തിക്കും. ക്യാമ്പുകളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പു വരുത്തണം . ക്യാമ്പുകളുടെ പരിപാലനത്തിനായി ചാർജ് ഓഫീസർ , വാർഡ് മെമ്പർ , ക്യാമ്പ് അന്തേവാസികളായ സ്ത്രീ- പുരുഷ പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മറ്റി രൂപീകരിക്കണം . രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട വാഹനങ്ങളുടെ ഡാറ്റാ ബേസ് തയാറാക്കനും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ , കൊച്ചി തഹസിൽദാർ സുനിത ജേക്കബ് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ , ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ , കെ എസ് ഇ ബി , അഗ്നിശമന സേന, സിവിൽ സപ്ലൈസ് , ഇറിഗേഷൻ, പോലീസ്, ജലഗതാഗതം , പി ഡബ്ള്യു ഡി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു .