കണ്ണൂർ: ശയ്യാവലംബരായ രോഗികള്‍ക്ക് കൊവിഡ് കാലത്ത് സാന്ത്വനമായി പയ്യന്നൂര്‍ നഗരസഭയുടെ സഹയാത്ര പദ്ധതി. ലോക് ഡൗണ്‍ കാലമായതിനാല്‍ ആശുപത്രികളില്‍ ചെന്ന് പരിശോധന നടത്തി ചികിത്സിക്കാന്‍ സാധിക്കാതെ വീടുകളില്‍ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് പ്രഷര്‍, ഷുഗര്‍ തുടങ്ങിയ ആരോഗ്യ പരിശോധനയും കൊവിഡ് വാക്സിനേഷനും നടത്തുന്ന നഗരസഭയുടെ പദ്ധതിയാണ് ഇത്.
പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ കിടപ്പു രോഗികളുടെ വീടുകളിലെത്തി ആരോഗ്യപരിശോധനയും കൊവിഡ് വാക്സിനേഷനും നടത്തി. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങള്‍ നിശ്ചയിച്ചും കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ചെന്നുമാണ് പരിശോധനയും വാക്സിനേഷനും നടത്തിയത്.
പദ്ധതി നഗരസഭ പരിസരത്ത് ടി ഐ മധുസൂദനന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിത അധ്യക്ഷയായി. താലൂക്കാശുപത്രി ഡോക്ടര്‍മാരായ ജലീല്‍, അഹമ്മദ്, സുനിത മേനോന്‍, നിസാര്‍, അബ്ദുള്‍ ജബ്ബാര്‍, വിഷ്ണു, അക്ഷയ്, അബ്ദുള്ള, എന്‍ യു എച്ച് എം ജില്ലാ കോ ഓഡിനേറ്റര്‍ അനീഷ്, പി ആര്‍ ഒ ജാക്സണ്‍ ഏഴിമല, ഐആര്‍പിസി സോണല്‍ ചെയര്‍മാന്‍ ഡോ. ഹരിദാസ്, കണ്‍വീനര്‍ ലക്ഷ്മണന്‍ നായര്‍, പാലിയേറ്റീവ് നഴ്സുമാരായ പൊന്നമ്പിളി, ശ്രീജ, പകല്‍ വീട് സ്റ്റാഫ് ജീനി ജോസഫ് തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.