തൃശ്ശൂർ:   ഇടവപ്പാതി പെയ്തിറങ്ങിയാലും ഈ കാലവർഷത്തിൽ നടത്തറ ഗ്രാമപഞ്ചായത്തിലെ മുളയം- ചീരക്കാവ് പാടശേഖര സമിതി കൊയ്ത് ഇറക്കിയ നെല്ല് നനയില്ല. നെല്ല് സംഭരിക്കുന്നതിന് വേണ്ട മാർഗങ്ങളെല്ലാം ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചു കഴിഞ്ഞു. മഴയുടെ ഭീഷണി മുൻ നിർത്തി നെല്ല് സംഭരിക്കുന്നതിന് വേണ്ടി പ്രദേശത്തെ ക്ഷേത്രങ്ങളുടേയും പള്ളികളുടെയും ഹാളുകൾ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡ് പശ്ചതലത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഹാളുകൾ നെല്ലു സംഭരണത്തിൻ്റെ കേന്ദ്രമാകും. സിവിൽ സപ്ലൈസ് നെല്ല് കൊണ്ടുപോകുന്നത് വരെ നെല്ല് ഉണക്കുകയും മഴ നനയാതെ സൂക്ഷിക്കുകയും ചെയ്യാം.

നടത്തറ ഗ്രാമപഞ്ചായത്ത് മുളയം- ചീരക്കാവ് പാടശേഖര സമിതി 60 ഏക്കറോളം പാടത്താണ് പുഞ്ച നെൽകൃഷി ഇറക്കിയത്. പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഗ്രാമസഭകളിൽ നിന്ന് തിരഞ്ഞെടുത്ത കർഷകർക്ക് വേണ്ട എല്ലാ സഹായവും നടത്തറ കൃഷിഭവനിൽ നിന്ന് ലഭ്യമാക്കിയിരുന്നു.തരിശുകിടന്നിരുന്ന ഈ ഭൂമി കഴിഞ്ഞ നാലു വർഷമായി പഞ്ചായത്തിൻ്റെയും കർഷകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ തുടർച്ചയായി മനു രത്ന വിത്തുപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്.കൊയ്ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അഡ്വ പി.ആർ രജിത്ത് അധ്യക്ഷനായി. പാടശേഖരം പ്രസിഡൻ്റ് ജോയ് ഒലിവർ പാടശേഖരം പ്രസിഡൻ്റ് സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ആർ.പ്രദീപ്, ദീപ അനീഷ്, ജനിത സുഭാഷ്, ബിന്ദു സുരേഷ് എന്നിവർ പങ്കെടുത്തു.