കോഴിക്കോട്: കടൽക്ഷോഭത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് തീരദേശ റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കാപ്പാട്. റോഡ് തകർന്നതിനെ തുടർന്ന് ജനങ്ങൾക്കും വളരെ പ്രയാസങ്ങളുണ്ട്. ദേശീയ പാതയിൽ അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ തീരദേശ റോഡിലൂടെയാണ് വാഹനഗതാഗതം തിരിച്ചുവിടാറുള്ളത്. കടലാക്രമണത്തിൽ പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് തകർന്നു സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. കടലാക്രമണത്തിൽ ഇവിടുത്തെ കടൽ ഭിത്തികളും താഴ്ന്നിരുന്നു.

ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറും ജില്ലാ ഭരണകൂടവും ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കും. പ്രവൃത്തി ഏറ്റെടുത്താൽ സമയബന്ധിതമായി പൂർത്തിയാക്കാത്ത കരാറുകാരെ ഒഴിവാക്കും.
പണമില്ലെന്ന പേരിൽ കേരളത്തിൽ ഒരു റോഡ് പ്രവൃത്തിയും മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
കാനത്തിൽ ജമീല എം.എൽ.എ, ജില്ലാ കലക്ടർ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.