രണ്ടാം ഘട്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കൊപ്പം പുത്തൂർ ഗ്രാമപഞ്ചായത്ത്. കോവിഡ് രോഗികളുടെ എണ്ണം കുടൂകയും ലോക്ഡൗണും ഒരുമിച്ച് എത്തിയപ്പോൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എളംതുരുത്ത് പി സി തോമസ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന തൃശൂർ താലൂക്കിൻ്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കാവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് പുത്തൂർ ഗ്രാമപഞ്ചായത്താണ്. 480 കോവിഡ് രോഗികൾക്കുള്ള ബെഡ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 400 കോവിഡ് രോഗികളാണ് ഇപ്പോൾ സി എഫ് എൽ ടിസിയിലുള്ളത്. ഇവിടേക്കാവശ്യമായ ഭക്ഷണം എത്തിക്കുന്നത് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടലിൽ നിന്നാണ്.
സി എഫ് എൽടിസിയിൽ 40 ഓക്സിജൻ ബെഡുകൾ പഞ്ചായത്ത് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊന്നുകര ജി ബി എസ് മതികുന്ന് സ്കൂളിൽ 30 കോവിഡ് രോഗികൾക്ക് താമസിക്കുന്നതിന് ഡിസിസി സജ്ജമാക്കിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണം നൽകുന്നതും ജനകീയ ഹോട്ടലിൽ നിന്നാണ്. കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് രണ്ട് ആംബുലൻസും ഫ്രീ ടാക്സി സർവ്വീസും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വാർഡിലും 15 പേരുടെ ആർ ആർ ടി സേവനവും ലഭ്യമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ പ്രവർത്തിക്കുന്ന ആർ.ആർ.ടി അംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റുകളും പഞ്ചായത്ത് നൽകിയിട്ടുണ്ട്. കോവിഡ് രോഗികളേയും ക്വാറൻ്റൈനിലുള്ളവരേയും സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനാവശ്യമായ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, പി.പി.ഇ.കിറ്റ് എന്നിവയും വിതരണം ചെയ്തു.