പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്നത് 3 ലക്ഷം ഫലവൃക്ഷത്തൈകള്‍
തൊഴിലുറപ്പും പരിസ്ഥിതിയും കൂട്ടിയിണക്കി ഭൂമിയുടെ പച്ചപ്പിന് കൂടുതല്‍ കരുത്താര്‍ജിക്കുവാന്‍ പദ്ധതി നടപ്പാക്കി ഹരിതകേരളം പ്രാവര്‍ത്തികമാക്കുകയാണ് അഴുതബ്ലോക്ക് പഞ്ചായത്ത്. ഈ പരിസ്ഥിതി ദിനത്തില്‍ 3 ലക്ഷം ഫലവൃക്ഷത്തൈകളാണ് ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. അഴുത ബ്ലോക്കിനു കീഴിലുളള വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി കൈകോര്‍ത്താണ് വണ്ടിപ്പെരിയാറിലുളള സംസ്ഥാന വെജിറ്റബിള്‍ ഫാമിന്റെ സഹകരണത്തോടെ തൈകള്‍ വിതരണത്തിന് ഒരുക്കിയത്. ഫാമിന്റെ രണ്ടേക്കറോളം സ്ഥലത്താണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കി വൃക്ഷതൈകള്‍ക്കായി നഴ്‌സറി തയ്യാറാക്കിയത്.
6 ലക്ഷം ഫലവൃക്ഷതൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോള്‍ 3 ലക്ഷം തൈകള്‍ തയ്യാറായിരിക്കുന്നത്. പേര, കുടുംപുളി, മുള, പൂവരശ്, വേപ്പ്, പ്ലാവ്, വാളന്‍പുളി, അഗത്തിചീര തുടങ്ങിയ ഇനങ്ങളുടെ മൂന്നുമാസം പ്രായമായ തൈകളാണ് വിതരണം ചെയ്യുന്നത്. ജൂണ്‍ 5 ന് രാവിലെ 8.30 ന് സംസ്ഥാന വെജിറ്റബിള്‍ ഫാം പരിസരത്ത് വെച്ച് തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിര്‍വ്വഹിക്കും. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിക്കും.
വണ്ടിപ്പെരിയാറിനു പുറമെ ബ്ലോക്കിനു കീഴിലുളള പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്,എലപ്പാറ പഞ്ചായത്തുകളിലും സമീപ ബ്ലോക്കായ കട്ടപ്പന ബ്ലോക്കുപഞ്ചായത്തിനുമാണ് തൈകള്‍ സൗജന്യമായി നല്കുന്നത്. കുടുംബശ്രീ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും തൊഴിലുറപ്പ് പദ്ധതിയിലൂടെ തൈകളുടെ തുടര്‍പരിപാലനവുമാണ് ഉദ്ദേശിക്കുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഴ്‌സറിയൊരുക്കി തൈകള്‍ ഉല്പ്പാദിപ്പിച്ചത്. ഇതിലൂടെ 941 അവിദഗ്ദ തൊഴില്‍ദിനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്കുന്നതിനും സാധിച്ചു. സര്‍ക്കാരിന്റെ നവകേരളമിഷന്റെ ഭാഗമായുളള ഹരിതകേരളം പദ്ധതിയിലുടെ ഭൂമിയെ ഹരിതാഭമാക്കുന്നതിനുളള ഈ പദ്ധതി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കാന്‍ സാധിച്ചത് അഴുതബ്ലോക്കിന് അഭിമാനനേട്ടമാണെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സിയാമ്മ ജോസ് പറഞ്ഞു.