കണ്ണൂർ: ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ നിയമപ്രകാരം അധികാരമുള്ളൂ.
ഇങ്ങനെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ചുമതല. എന്നാല്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സ്വതന്ത്രമായ നടപടികള്‍ നിയമവിരുദ്ധമാണ്. ഇങ്ങനെ തീരുമാനമെടുത്ത യോഗങ്ങളില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നതായും മനസ്സിലാക്കുന്നു. കര്‍ശന നടപടികള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വീകരിക്കും.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഉള്ള നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയാണ് വേണ്ടത്. ഇവ പരിഗണിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യുക്തമായ തീരുമാനത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.