അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികൾ പട്ടികവർഗ വികസന വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ നിലവിൽ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി. കെ സുരേഷ് കുമാർ അറിയിച്ചു.
പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും ലോക് ഡൗൺ നിലനിൽക്കുന്നതിനാലും രോഗവ്യാപന സാധ്യത കണക്കിലെടുത്തും സാമൂഹിക പഠന മുറികളും ഓൺലൈൻ സ്റ്റഡി സെൻററുകളും നിലവിൽ തുറന്നു പ്രവർത്തിക്കാനാകാത്ത സാഹചര്യമാണുള്ളത്. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും ഏപ്രിൽ മാസത്തിൽ ലഭിച്ച അറിയിപ്പിനെ തുടർന്നാണ് സാമൂഹിക പഠന മുറികളുടെ പ്രവർത്തനം നിർത്തി വെച്ചത്.
നിലവിൽ ഗോത്ര മേഖലയിലെ കുട്ടികൾ സ്കൂൾ അധ്യാപകരുടെ സഹായത്തോടെയും വീടുകളിൽ ടിവി, മൊബൈൽ എന്നീ സൗകര്യങ്ങൾ ഉള്ളവർ ഇവ ഉപയോഗിച്ചുമാണ് പഠനം നടത്തി വരുന്നതെന്നും പ്രോജക്ട് ഓഫീസർ പറഞ്ഞു.