*മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പ് ആരംഭിക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. നാഷണൽ ആയുഷ് മിഷൻ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന ആയുഷ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഈ പദ്ധതിയിലൂടെ ഔഷധസസ്യ ഉദ്യാനം ഒരുക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപ്പഞ്ചായത്തിലെ ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യങ്ങൾ നട്ടുകൊണ്ട് ആരാമം ആരോഗ്യം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മറ്റ് ജില്ലകളിലും രണ്ടുവീതം കേന്ദ്രങ്ങളിൽ ഇതോടനുബന്ധിച്ച് തൈകൾ നട്ടു.

പൊതുജനങ്ങളിൽ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളിൽ നട്ടുവളർത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് അരാമം ആരോഗ്യം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കും. ഔഷധി, കേരളാ കാർഷിക സർവകലാശാലയുടെ കീഴിലുള്ള നഴ്സറികൾ, സോഷ്യൽ ഫോറസ്ട്രി തുടങ്ങിയ സർക്കാർ ഏജൻസികളിൽ നിന്നുമാണ് ഔഷധച്ചെടികൾ ശേഖരിക്കുന്നത്. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ ചെടികൾ നടുകയും അവ നിശ്ചിത വളർച്ച എത്തുന്നതുവരെ പരിപാലിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.