ആലപ്പുഴ: കോവിഡ് വാക്സിനേഷൻ ലഭിക്കുന്നതിനുള്ള മുൻഗണനാ വിഭാഗത്തിൽപെട്ട 2441 ഭിന്നശേഷിക്കാർക്ക് ജില്ലയിൽ വാക്സിനേഷൻ നൽകി. സാമൂഹികനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കോവിഡ് ബ്രിഗേഡ് സന്നദ്ധസേനയുടെയും സഹായത്തോടെയാണ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിൻ ലഭ്യമാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് വാക്സിനേഷനു വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയത്.

അങ്കണവാടി വർക്കർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, കുടുംബശ്രീ പ്രവർത്തകർ, കോവിഡ് ബ്രിഗേഡ് സന്നദ്ധ പ്രവർത്തകർ എന്നിവർ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച 18-44 വയസുള്ള 1,016 ഭിന്നശേഷിക്കാർക്കും 45 വയസിന് മുകളിലുള്ള 1,425 ഭിന്നശേഷിക്കാർക്കുമാണ് വാക്സിൻ ലഭ്യമാക്കിയത്. ശയ്യാവലംബരായ ഭിന്നശേഷിക്കാർക്കായി പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് പ്രത്യേക സംവിധാനമൊരുക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ജില്ല സാമൂഹിക നീതി ഓഫീസർ എ.ഒ. അബിൻ പറഞ്ഞു.