*ലോകപരിസ്ഥിതി ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പലനിലയ്ക്കും പരിസ്ഥിതിക്ക് വലിയ കോട്ടമുണ്ടായിട്ടുണ്ടെന്നും ഇനിയും പരിസ്ഥിതിക്ക് കോട്ടമുണ്ടായാല്‍ ജീവജാലങ്ങളുടെ നിലനില്‍പ് അപകടത്തിലാവുമെന്നുമുള്ള ഒരു പൊതുബോധം നാട്ടിലുണ്ടാക്കാന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഇപ്പോള്‍ സമൂഹമാകെ പരിസ്ഥിതിയെക്കുറിച്ചു ചിന്തിക്കുകയാണ്. കുറേ നാള്‍ മുമ്പ് വരെ സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ പച്ചക്കറിയുത്പാദനത്തില്‍ കേരളമിപ്പോള്‍ സ്വയംപര്യാപ്തതയിലേക്കു വന്നുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കത്തും വിത്തും ഒരു ഫലവൃക്ഷത്തൈയും വിതരണം ചെയ്യുന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളിലൂടെ വിതരണം ചെയ്യുന്ന 45 ലക്ഷം പച്ചക്കറി വിത്തുകളും ഫലവൃക്ഷത്തൈകളും ശ്രദ്ധാപൂര്‍വം നട്ടുവളര്‍ത്തി നല്ല വിളവെടുക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോടു പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മൂന്നുകോടി വൃക്ഷത്തൈകള്‍ നട്ടതില്‍ നല്ലൊരുപങ്കും വളര്‍ന്നു. നദികളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യമെറിയുന്നത് കുറ്റകരമാണെന്നും വെള്ളം ശുദ്ധമായി സൂക്ഷിക്കണമെന്നും ചിന്തിക്കുന്ന അവസ്ഥയിലേക്ക് പൊതു സമൂഹം മാറി. ഈ മാറ്റത്തിന്റെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ജൈവവൈവിധ്യ ഉദ്യാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണവും ജീവിതപാഠം, പാഠത്തിനപ്പുറം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പ്രകൃതിമൂലധനത്തെ സംരക്ഷിച്ച് ഭാവിതലമുറയ്ക്കു നല്‍കുന്ന മഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നതെന്നും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതിലുപരി പ്രകൃതിസംതുലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്നു പ്രതിജ്ഞയെടുക്കേണ്ട ദിനംകൂടിയാണ് പരിസ്ഥിതി ദിനമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,
ഡോ. എ. സമ്പത്ത് എംപി, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡയറക്ടര്‍കെ.വി. മോഹന്‍കുമാര്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ ഡോ. പി.കെ. ജയശ്രീ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, എസ്.എം.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വി. വസന്തകുമാരി, ഹെഡ്മിസ്ട്രസ് എല്‍. ജസ്‌ലറ്റ്ക്, പി.ടി.എ പ്രസിഡന്റ് അഡ്വ. കെ.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.