തൃശ്ശൂർ:കോവിഡിനെ നേരിടാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമായി കൊടകര പഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടരുന്നു. മനക്കുളങ്ങര കൃഷ്ണവിലാസം യുപി സ്കൂളിലാണ് 30 കിടക്കകളുമായി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. സുമനസ്സുകളുടെ കൈത്താങ്ങ് കൂടിയായപ്പോള്‍ ഡിസിസി സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ന്നു. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളേജ് സെന്‍ററിലേക്കാവശ്യമായ കട്ടിലുകള്‍ നല്‍കി. മെയ് മൂന്നു മുതലാണ് ഡിസിസി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 18 രോഗികളാണ് സെന്‍ററിലുള്ളത്. 40 ലക്ഷം രൂപയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ പറഞ്ഞു.

രണ്ട് ജനപ്രതിനിധികള്‍ക്കാണ് ഡിസിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ ചുമതല. ഡി സി സിയില്‍ പ്രവേശിപ്പിക്കുന്നവരുടെ ആവശ്യങ്ങള്‍ കണ്ടെത്തി അവിടെ സാധനസാമഗ്രികള്‍ എത്തിക്കുന്നതിനും മറ്റും ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നു.കൂടാതെ പതിനെട്ടാം വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങിയ സംഘവും ഇവരുടെ
നിരീക്ഷണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. ഭക്ഷണം ഉണ്ടാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദിനംപ്രതിയുള്ള ഭക്ഷണത്തില്‍ പാല്‍, മുട്ട, പഴം തുടങ്ങിയ പോഷകാഹാരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പഞ്ചായത്തിലെ കര്‍ഷകരും കച്ചവടക്കാരും പച്ചക്കറികളും പലചരക്കും മറ്റും നല്‍കി അടുക്കള സമൃദ്ധമാക്കുന്നു. രുചിയൂറും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി നല്‍കാന്‍ മനക്കുളങ്ങര ഗ്രാമീണ വായനശാല പ്രസിഡന്‍റ് ഇ എല്‍ പാപ്പച്ചന്‍, ജോയിന്‍റ് സെക്രട്ടറി പ്രമീള തങ്കപ്പന്‍, ലൈബ്രേറിയന്‍ റോസിലി പാപ്പച്ചന്‍ എന്നിവര്‍ കര്‍മ്മനിരതരായി രംഗത്തുണ്ട്. വീട്ടുകാരുമായി ബന്ധപ്പെടാന്‍ ഫോണ്‍ സൗകര്യവും രോഗം മാറി തിരികെ പോകുമ്പോള്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററും ഡി സി സിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടാതെ നെഗറ്റീവ് ആയാല്‍ ഇവരെ വീട്ടില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡി സി സി പരിസരത്ത് അഞ്ചു വാഹനങ്ങളുടെ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പോസിറ്റീവ് രോഗികളെ വീടുകളില്‍ നിന്ന് ഇവിടെ എത്തിക്കുന്നതിനും മതിയായ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും ഈ വാഹനങ്ങള്‍ ഉപയോഗിച്ച് വരുന്നു.ഡിസിസി ചുമതലയുള്ള ഡോക്ടര്‍ സംഗീത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബി, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ദിവസേന രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

2 ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ ഡിസിസിയില്‍ സ്ഥിരം താമസിച്ച് രോഗികളെ നിരീക്ഷിച്ചു വരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി 2 ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി എത്തുന്നുണ്ട്. രാവിലെ 8 മുതല്‍ 2 വരെ, 2 മുതല്‍ രാത്രി 8 വരെ, രാത്രി 8 മുതല്‍ രാവിലെ 8 വരെയുമാണ് വിവിധ ഷിഫ്റ്റുകള്‍.
രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ശ്വസന ഉപകരണങ്ങള്‍, പ്രതിരോധ ഉപാധികള്‍ എന്നിവയും ഇവിടെ ലഭ്യമാക്കുന്നു.കൊടകര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി. പഞ്ചായത്ത് അംഗം ടി കെ പത്മനാഭന്‍ എന്നീ ജനപ്രതിനിധികള്‍ക്കാണ് ഡിസിസിയുടെ പൂര്‍ണ്ണ ചുമതലനല്‍കിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം ആര്‍ ആര്‍ ടി പ്രവര്‍ത്തകരും പ്രവര്‍ത്തനനിരതരായുണ്ട്.