ഇടുക്കി: കോളപ്ര ഗവ. എല്‍.പി. സ്‌കൂളില്‍ നടപ്പാക്കി വരുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ചലഞ്ച് 5 പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോളപ്ര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ 2019 മുതല്‍ നടത്തിവരുന്ന തനത് പദ്ധതിയാണ് ചലഞ്ച് 5. കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ കൂടുതല്‍ പരിജ്ഞാനം നല്‍കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. അഞ്ച് ഘട്ടങ്ങളായി ഈ നേട്ടം കൈവരിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ആദ്യഘട്ടം പിന്നിട്ട അവസരത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപനം നടത്തിയിരുന്നു.
പദ്ധതി ആദ്യഘട്ടം പിന്നിട്ടപ്പോള്‍ സ്‌കൂളില്‍ പുതുതായി എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഈ വര്‍ഷം ഇതുവരെ ഒന്നാം ക്ലാസില്‍ 25 കുട്ടികളാണ് പ്രവേശനം നേടിയത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിക്കിടയിലും ചലഞ്ച് 5 പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനാണ് അധ്യാപകരും രക്ഷിതാക്കളും തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീജിത്ത്.സി.എസ്. അധ്യക്ഷത വഹിച്ചു. ഇടുക്കി ഡിഡിഇ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ കെ.എ. ബിനുമോന്‍,
കുടയത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.എന്‍. ഷിയാസ്, എഇഒ കെ.വി. രാജു, ബിപിഓ മുരുകന്‍.വി. അയത്തില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷാലിമോള്‍.സി.എസ്, അധ്യാപിക ഗ്രിഷ്.കെ.ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോഴേക്കും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പ്രാവീണ്യം നേടുന്നതിന്റെ പ്രഖ്യാപനത്തിനാണ് അധ്യാപകരും പിടിഎയും ശ്രമിക്കുന്നത്.