ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റിയില്‍ തേയില തോട്ടം തൊഴിലാളികളുടെ വേതന കുടിശ്ശികയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. നേരത്തെ മെയ് 30 വരെ ആയിരുന്നു ക്ലെയിം സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെയുടെ സിറ്റിംഗ് ജൂലൈ 13ലേക്ക് മാറ്റിയതിനെ തുടര്‍ന്നും കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുമാണ് ക്ലെയിം ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയത്. തൊഴിലാളി/ട്രേഡ് യൂണിയന്‍ പ്രതിനിധി/തൊഴിലുടമ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍/ഡോക്യുമെന്റ്‌സ്/അഫിഡവിറ്റ് എന്നിവ സെക്രട്ടറി മുന്‍പാകെ ജൂണ്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കമ്മിറ്റിയുടെ അടുത്ത സിറ്റിംഗ് ജൂലൈ 13ന് കുമളി ഹോളിഡേ റിസോര്‍ട്ടില്‍ വച്ച് നടത്തും.