ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും വാക്‌സിനേഷന്‍ ക്യാമ്പും. ജില്ലയിലെ 4919 അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുകയും 4580 തൊഴിലാളികള്‍ക്ക് ഇതിനകം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനയാണ് ഭക്ഷ്യധാന്യകിറ്റ് ലഭ്യമാക്കുന്നത്. ലഭ്യതയനുസരിച്ച് മുഴുവന്‍ തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ കെ.കെ. വിനയന്‍, ടി.കെ. ജിജു, സി. രാഘവന്‍ എന്നിവര്‍ക്കാണ് വിതരണ ചുമതല.

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന വാക്സിനേഷന്‍ ക്യാമ്പില്‍ 200 തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തി മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് വാക്സിനേഷന്‍ നോഡല്‍ ഓഫീസറായ ഡോ. ഷിജിന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് എന്നിവര്‍ അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധം, വാക്സിനേഷന്‍, മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ പരിസര ശുചീകരണം എന്നിവ നടത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികളും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ബോധവല്‍ക്കരണത്തിന് വിവിധ ഭാഷകളിലുള്ള പോസ്റ്ററുകള്‍, വീഡിയോ പ്രദര്‍ശനം എന്നിവയും നടത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ തൊഴിലെടുക്കുന്ന സ്ഥലങ്ങളും താമസ സ്ഥലങ്ങളും ശുചിയായി സൂക്ഷിക്കുന്നതിന് തൊഴിലടുമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.