വയനാട്: ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് ആശ്വാസമായി വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ജീവനം പദ്ധതി കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും തുടരാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

തുക നേരിട്ട് ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കാണ് നല്‍കുക. ഈ വര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള രോഗികള്‍ക്ക് അവര്‍ ഡയാലിസിസ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ രക്തപരിശോധനയും ജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി ചെയ്തു നല്‍കും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വഴി ഡയാലിസിസ് ചെയ്യുന്ന ജില്ലയിലെ മുഴുവന്‍ രോഗികള്‍ക്കും ഡയാലിസിസ് കിറ്റ് സൗജന്യമായി ജില്ലാപഞ്ചായത്ത് നല്‍കും.

ജീവനം പദ്ധതിയുടെ തുടക്കത്തില്‍ പൊതുജനങ്ങളില്‍ നിന്നു സംഭാവനയായി സ്വീകരിച്ച തുക മുഴുവനും 2020 -21 സാമ്പത്തികവര്‍ഷം ചെലവഴിച്ചിട്ടുണ്ട്. ആദ്യവര്‍ഷം 3000 രൂപ വീതം ഡയാലിസിസ് രോഗികള്‍ക്ക് നേരിട്ട് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ രോഗികള്‍ക്ക് നേരിട്ട് തുക നല്‍കുന്നതിന് പകരം ഒരു രോഗിക്ക് ഒരു വര്‍ഷം 36,000 രൂപ കണക്കാക്കി തുക ഡയാലിസിസ് കേന്ദ്രങ്ങളിലേക്ക് നല്‍കി വരികയാണ്.

രോഗികളുടെ നിരന്തര ആവശ്യം നേരിട്ട് തുക ലഭിക്കുക എന്നതാണെങ്കിലും ചട്ടപ്രകാരം ജില്ലാ പഞ്ചായത്തിന് വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാലാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം 89,50,420 രൂപയുടെ സഹായം ഡയാലിസിസ് രോഗികള്‍ക്ക് എത്തിക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. ജില്ലയിലെ ഡയാലിസിസ് സെന്‍സറുകളുടെ പിന്തുണയോടുകൂടി അര്‍ഹതപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമവും ജില്ലാപഞ്ചായത്ത് നടത്തുന്നുണ്ട്.

ജീവനം പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി ചേര്‍ന്ന ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സുരേഷ് താളൂര്‍, മീനാക്ഷി രാമന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ഷൈജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രിയ, വിവിധ ഡയാലിസിസ് സെന്ററുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.