ആലപ്പുഴ:ചെറുതന-കൊപ്പാറക്കടവ് പാലത്തിൻറെ നിർമ്മാണത്തിന് ഭുമി ഏറ്റെടുത്ത് വീടു പൊളുച്ചുനീക്കിയയാള്‍ക്ക് , പകരം നല്‍കിയ ഭുമിയില്‍ കുടുംബാംഗത്തിന് വീടുവയ്ക്കുന്നതിനുള്ള തടസ്സം നീക്കി ജില്ല കളക്ടര്‍ ഉത്തരവായി. ചെറുതന വില്ലേജിൽ വടക്കും മുറിയിൽ കണ്ണഞ്ചേരി പുതുവലിൽ കുഞ്ഞമ്മയുടെ ഭർത്താവായ ഗോപാലൻറെ സർവ്വേ നമ്പര്‍ 47/4,47/7,47/3 ൽ പെട്ട 13.63 ആർസ് വസ്തു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും ആ സ്ഥലത്തുണ്ടായിരുന്ന വീട് പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻറ് അടങ്ങുന്ന പ്രാദേശിക വികസന സമിതി ഈ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുകയും വീട് വെക്കുന്നതിന് യോഗ്യമായ മറ്റ് സ്ഥലങ്ങൾ ഇല്ലാത്തതിനാൽ ബ്ലോക്ക് 5 ൽ സർവ്വേ 47/4-1 ൽ 4.25 ആർസ് നിലം ചെറുതന പഞ്ചായത്തിൽ നിന്നും നികത്തി നല്‍കുകയും ചെയ്തു. ഈ വസ്തു ഗോപാലൻറെ പിൻതുടർച്ച അവകാശികൾ ചേർന്ന് ഗോപാലൻറെ മകനായ രാജന് ഭാഗപത്രം വഴി നല്‍കി. ഇവിടെരാജന്‍ വീട് വയ്ക്കാന്‍ അനുമതി തേടിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം ക്രമീകരിച്ച് ലഭിച്ചിരുന്നില്ല. ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു ഈ കുടുംബം.
നിലം നികത്തി വീട് വെക്കുന്നതിനുള്ള അപേക്ഷ ജില്ലാതല അധികൃത സമിതി നിരസിച്ചത് നിശ്ചിത ഭൂമി 2008 ന് ശേഷം കൈമാറ്റം ചെയ്യപ്പെട്ടതാണ് എന്ന കാരണത്താലാണ്. എന്നാൽ ഈ ഭൂമിയുടെ ഉടമസ്ഥനായിരുന്ന ഗോപാലൻറെ മരണ ശേഷം ഇദ്ദേഹത്തിന്റെ പുത്രനായ രാജൻറെ പേരിലേക്ക് പിൻതുടർച്ചാവകാശം വഴിയാണ് ഭൂമി വന്നു ചേർന്നിട്ടുള്ളതെന്നും ഗോപാലൻ 1975 ലാണ് ഈ ഭൂമി വാങ്ങിയത് എന്നും വ്യക്തമായി. രാജൻ നേരിട്ട് ഹാജരായി ഈ സ്ഥലത്ത് നിർമ്മിച്ച വീട് ക്രമീകരിച്ച് നൽകണമെന്ന് ജില്ല കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി. പൊതു ആവശ്യത്തിന് വേണ്ടി പിതാവ് സ്ഥലം വിട്ടുകൊടുത്തത് മൂലമാണ് വീട് നഷ്ടമായതെന്നും അതിനാലാണ് നിലം നികത്തി വീട് വയ്കുന്നതിന് അനുമതി തേടുന്നതെന്നും ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചുകൊണ്ടാണ് ജില്ല കളക്ടടര്‍ എ.അലക്സാണ്ടര്‍ അനുമതി ഉത്തരവ് ഇറക്കിയത്.
